Saturday, December 15, 2018

ചില മുഖങ്ങൾ
--------------------------
നീളൻ  വഴികൾക്കിരുവശം
മരങ്ങളും മുഖങ്ങളും ധൃതിയിൽ
പിന്നോട്ട് ഓടിമറയുമ്പോഴും ,
കണ്ണും മനസ്സും ഇടയ്ക്കൊക്കെ
ചില മുഖങ്ങളിൽ
ഒന്നുടക്കിനിൽക്കാറുണ്ട്,

ഒരു വെയിലിനും
പൊള്ളിച്ചുവപ്പിക്കാനാകാത്ത ,
ഒരു മഴയ്ക്കും
ജ്വരം തീണ്ടി കുളിർപ്പിക്കാനാകാത്ത,
ഇരുണ്ട തൊലിപ്പുറത്ത്
ഒരായുസ്സിന്റെ കഥകൾ
അക്ഷരത്തെറ്റുകളില്ലാതെ
കോറിയിട്ട ചില മുഖങ്ങളിൽ,

വൈകുന്നേരങ്ങളിൽ
അവയിൽ ചിലത് മിന്നായം പോലെ
ഓർമ്മയിൽ നിന്നെത്തിനോക്കും,  
പൈപ്പ്‌ലൈൻ കുഴികളിൽ കഴുത്തറ്റം
വെള്ളത്തിൽ മുങ്ങികിടക്കുന്ന
കരിവാളിച്ചോരു ദയനീയ മുഖമായോ,
സെക്യൂരിറ്റി യൂണിഫോമിൽ നിന്നുയർന്ന     ചുമച്ചുതളർന്ന നീളൻ വിസിലടികളായോ,

രാത്രിഭക്ഷണത്തിന്റെ എച്ചിൽപാത്രം
പെറുക്കിയെടുക്കവേ തീന്മേശയിൽ
കളഞ്ഞുകിട്ടിയ വയസ്സൻ ചിരിയായോ,
ചെരുപ്പിടാത്ത കാലുകളിൽ  ജീവിതത്തിന്റെ
ഭൂപടം ഒളിഞ്ഞിരിക്കുന്നത് കാട്ടിത്തന്ന
കിഴവൻ ഓട്ടോക്കാരനായോ,

വീട്ടുകാരിയുടെ വിയർപ്പുപ്പിലുണ്ടാക്കിയ
മുറുക്ക് ചാക്കിലാക്കി, മാസാദ്യം വീട്ടിൽ
വരുന്ന എഴുപതുകാരൻ അണ്ണാച്ചിയുടെ
തടിച്ച വേരിക്കോസിന്റെ കരിനീല നിറമായോ,
ഓർമ്മയിൽ തെളിഞ്ഞു നിൽക്കുന്നെങ്കിലും  
വാക്കുകൾക്കപ്രാപ്യമായ
എണ്ണമില്ലാത്ത മുഖങ്ങൾ ഇനിയും ബാക്കി,

എത്തിനോട്ടങ്ങൾക്കൊടുവിൽ
കണ്ണടക്കുമ്പോൾ,
ഒരു തുള്ളി കണ്ണുനീർ അറിയാതെ
കവിളിലേക്ക് വഴിവെട്ടിത്തുടങ്ങും,
അച്ഛന്റെ നെറ്റിയിലൊരുമ്മ വക്കാൻ തോന്നും,
ആ നെറ്റിച്ചുളിവുകൾക്കിടയിൽ  
വടിവൊത്ത അക്ഷരത്തിൽ
എന്റെ പേരെഴുതിവെക്കാൻ തോന്നും,
ഇരട്ടവരയൻ നോട്ടുബുക്കിലെഴുതും പോലെ...

(അനുജ ഗണേഷ് )

Tuesday, December 4, 2018

ഖസാക്കിലേക്ക് 
----------------------------
കാട്ടുതുമ്പികളുടെ
കണ്ണാടിച്ചിറകുകൾക്കിടയിലൂടെ
ചെതലിമലയിൽ 
അസ്തമയസൂര്യൻ 
കൂമങ്കാവിലേക്ക് 
കണ്ണെറിയുമ്പോൾ, 
വരുംവരായ്കകളുടെ 
ഓർമ്മകളിലെവിടെയോ 
കണ്ടുമറന്ന ജരാനരകൾ 
പേറിനിന്ന മാഞ്ചില്ലകൾ 
ഈ വഴിയമ്പലത്തിൽ 
എനിക്ക് തണൽ വിരിക്കുന്നു, 
എന്നെ തിരികെവിളിച്ച 
കാന്തക്കല്ലുകൾ രഹസ്യമായി 
എന്തോപറഞ്ഞേൽപ്പിച്ചിരുന്നപോലെ, 

ഖസാക്കിലെ സുന്ദരിയുടെ 
സുറുമയെഴുതിയ
കലങ്ങിയ കണ്ണുകൾ 
എന്നെ ഉറ്റുനോക്കുംപോലെ, 
വിത്തെറിഞ്ഞു പോയി 
കാലങ്ങൾക്കിപ്പുറം 
കാടുകാണാൻ വന്നവനെ പോലെ, 
ചെതലിയുടെ താഴ്‌വരയിൽ 
പൂവിറുക്കാനെത്തിയ 
അനുജത്തിയുടെ 
കൊലുസിന്റെ കിലുക്കം 
കേൾക്കുമ്പോലെ, 
 'അപ്പുക്കിളി'യെന്ന് 
നീട്ടിവിളിച്ചപ്പോൾ അടുത്ത്  
ഒരു മുക്കാൽമനുഷ്യൻ 
വന്നുനിന്നപോലെ, 

പള്ളിയുടെ കോത്തളത്തോളം 
വളർന്ന എട്ടുകാലികളെ 
തിരഞ്ഞെങ്കിലും കണ്ടില്ല, 
ഒരു മഴക്കോളിനൊപ്പം 
കാതുകളിൽ ഏറിയും
കുറഞ്ഞും നിർത്താതെ 
പെയ്തിറങ്ങിയ പരിഭവങ്ങൾ,
എത്രയെത്ര ആത്‌മാക്കൾ
 അടക്കിപ്പിടിച്ചിരുന്ന 
ചോദ്യഭാണ്ഡങ്ങളുടെ 
കെട്ടുകളഴിച്ചു, 
ഒടുവിൽ മന്ദാരത്തിന്റെ 
ഇലകൾ ചേർത്തു തുന്നിയ 
പുനർജ്ജനിയുടെ കൂടുവിട്ട് 
ഞാനും പടിയിറങ്ങി..... 

Saturday, December 1, 2018


ദിനാന്ത്യം
-----------------
പതിയെ പിച്ചവെച്ച്, കൊച്ചു സൂചി
അഞ്ചിലെത്തിനിൽക്കുമ്പോൾ
പന്ത്രണ്ടിലിരുന്നമ്മസൂചി ധൃതികൂട്ടും
'ഒന്നനങ്ങി വരുന്നുണ്ടോ  കുഞ്ഞേ നീയ് '

മേശപ്പുറത്ത്  ചിതറിക്കിടന്ന
 കടലാസുകളോരോന്നായ്
ആരുടേയും കണ്ണിൽ പെടാതെ
'ബാക്കി നാളെയാകട്ടെ' എന്നടക്കം ചൊല്ലി
വരിപ്പിന്റെ അടിത്തട്ടിലേക്ക്
മുങ്ങാംകുഴിയിട്ടസ്തമിക്കും,

അപ്പുറവും ഇപ്പുറവും നോക്കാതെ
ധൃതിയിൽ ബാഗും കുടയുമെടുത്ത്
കാതുകൾ രണ്ടും കൊട്ടിയടച്ച്
വാതിലിലേക്ക് പായുമ്പോൾ
'ഞാനിറങ്ങുന്നേ 'എന്നൊറ്റവാക്കിൽ
ആർക്കുവേണ്ടിയോ ഒരു
യാത്രാമൊഴി വലിച്ചെറിയും ,

ആവോളം നീളത്തിൽ ചുവടുവച്ച്
സ്റ്റോപ്പിൽ ആദ്യം വന്ന ബസിൽ ചാടിക്കയറി
കമ്പിയിൽ തൂങ്ങി, ഞെങ്ങിഞെരുങ്ങി,
ദുർഗന്ധങ്ങൾക്കിടയിൽ ശ്വാസംമുട്ടി,
പാതി വഴി  പിന്നിടുമ്പോഴേക്കും
വലത്തേ മുലക്കണ്ണ്  മെല്ലെചുരത്തിത്തുടങ്ങും,

ഇരുട്ട് വീടുകേറും മുൻപേ
വിളക്ക് വെക്കാൻ ഓടിക്കിതച്ചെത്തുമ്പോൾ
അമ്മൂമ്മയുടെ ഒക്കത്തിരുന്ന്
ചിണുങ്ങി പരിഭവം പറയുന്ന
ഒരു കുഞ്ഞുവായ പാൽക്കൊതിയോടെ
ഓടിവന്ന്  അവകാശം സ്ഥാപിക്കും ,

നഴ്സറിക്കാരനെ  പഠിപ്പിക്കലും
ഗൃഹപാഠയുദ്ധവും മൽപിടിത്തവും കഴിഞ്ഞ്
അത്താഴത്തിനൊരുക്കുമ്പോൾ
വാതിൽക്കലൂന്നൊരു നീണ്ടവിളി വരും ,
'അമ്മേ..... അച്ഛൻ വന്നൂ '

തളർച്ചയോ, വിളർച്ചയോ ഇല്ലാത്ത
പുഞ്ചിരിയോടെ വാതിൽക്കൽ
 ഒരു പൂന്തിങ്കളായ് ഞാനങ്ങനെ...

അന്നത്തെ വിശേഷങ്ങൾ കൊട്ടിയിടുന്നതിന്
ചാനൽ ചർച്ചകൾ പശ്ചാത്തല സംഗീതമാകും,

രാത്രിവണ്ടി മെല്ലെ അവസാനത്തെ
സ്റ്റേഷനിൽ എത്താറായി,

മക്കൾക്ക് ഇല്ലാകഥകളൊക്കെ പറഞ്ഞുകൊടുത്ത്, ഉറക്കിക്കിടത്തി, അവരറിയാതെ ഊർന്നെണീറ്റ്
 ആ ദിവസത്തിന്റെ ക്ഷീണങ്ങളത്രയും
അവന്റെ  നേഞ്ചിലേക്കിറക്കിവച്ച്
ഉറങ്ങാൻ കിടക്കുമ്പോൾ
പുറത്ത് പിച്ചിപ്പൂ മണംപരക്കും ,
മുടിയിഴകളിലൂടെ മെല്ലെ,
അവന്റെ വിരലുകൾ ഒഴുകിത്തുടങ്ങും,
ഇനിയും വിടരാത്ത പിച്ചി മൊട്ടുകൾ തിരഞ്ഞ്,

അനുജ ഗണേഷ്

Friday, November 23, 2018

ഗുരുവന്ദനം

കനിവിൻ നിലാവെളിച്ചം പകർന്നെന്നിലെ 
കരിവിളക്കിൻ നാളമെരിയിച്ചതും, 
ഉണർവ്വിൽ കിനാവിന്റെ നറുമുത്തുപാകി 
നനച്ചു തളിരിതൾ വിരിയിച്ചതും, 

അറിവിന്റെ നാമ്പുകളെത്തിനോക്കും നേരം
അലിവോടെ കിരണമായ് തഴുകിയതും,
അകലെയുണ്ടോരുവസന്തം അവിടെയെത്തുവാൻ 
വഴിയിതാണെന്ന് പഠിപ്പിച്ചതും, 

തിരിയാത്ത മൊഴികളെ തല്ലിപ്പഴുപ്പിച് 
മധുരമാമ്പഴമാക്കി മാറ്റിയതും, 
ഉണരാത്ത നിനവിനെ തഴുകിയുണർത്തി
ചിറകുകൾ നീർത്താൻ ഇടം തന്നതും, 

കൺകളിൽ വിരിയുന്ന വാത്സല്യമൊട്ടുകൾ 
വാടാതെന്നുള്ളിൽ നിറച്ചതിനും,  
ഓർമ്മയിലെന്നും നിറയുന്ന ദീപ്തിയായ് 
നിത്യം വിളങ്ങുക വാഗ്‌ദേവതേ 
നിത്യം വിളങ്ങുകെൻ  അധ്യാപികേ....

Tuesday, November 20, 2018

അവൾ


കഥകളുറങ്ങുന്ന 
കണ്ണീർത്തടാകങ്ങളും , 
കവിതയുറങ്ങുന്ന
 പച്ചപുതച്ച കുന്നുകളും  , 
കാടുകളിൽ ഒളിച്ച
 കനിവുറവകളും , 
കല്ലിടുക്കുകളിൽ 
അഗാധഗർത്തങ്ങളും ,
ഋതുപരിവർത്തനങ്ങളുടെ 
പോക്കുവരവുകൾ  തെളിച്ച 
ചുറ്റിപ്പിണഞ്ഞ ചെറുവഴികളും ,
അറിയപ്പെടാത്തൊരന്യദേശമാണ് 
നിനക്കെന്നും 'അവൾ '.......





നീലക്കുറിഞ്ഞി



ഹിമകണം മുകരും ഹരിതാഭമേലെ  
നറുമുകിലിൻ നിഴൽ വീണ പോലെ 
ഒരു വ്യാഴവട്ടത്തിനിപ്പുറം വിരുന്നായി 
വന്നു നീ നീലക്കുറിഞ്ഞിപ്പൂവേ, 

പശ്ചിമമലനിര തൊട്ടുണർത്തും  
ഊതസുസ്മിതമാണ് നീ മൃദുമലരേ, 
നീലഗിരിയിലും, മുക്കൂർത്തി കുന്നിലും
മിഴിയിലും, മനസ്സിലും നിറയുന്നു നീ 

ഒറ്റക്ക്  വന്നു നീ കണ്മുന്നിൽ നിൽക്കവേ  
തനിനാടൻ പെൺകൊടിയെന്ന് തോന്നി 
ഒന്നായ് വിരിഞ്ഞുവിരാജിച്ചു നിൽക്കവേ 
ആകാശം മണ്ണിൽ നിറഞ്ഞ പോലെ 
നീലാകാശം മണ്ണിൽ നിറഞ്ഞപോലെ .... 

ഒരു കുറിഞ്ഞികാലം പിറന്നുവീണു 
മറ്റൊരു കുറിഞ്ഞിക്കാലം  വയസ്സറിഞ്ഞു, 
അമ്മയായ് പിന്നെ നീ പൂത്ത കാലം 
വിട ചൊല്ലുവാൻ വരുമൊരു കുറിഞ്ഞിക്കാലം...... 







Wednesday, September 19, 2018


സ്വപ്നം
--------------
ഒരുവാക്കിലൊരുവരിയിലെഴുതാവതല്ലെന്റെ
കരളിനുള്ളിൽ പെയ്ത മധുരസ്വപ്നം,
പ്രണയാഭിലാഷങ്ങൾ കോർത്തുവയ്ക്കാം,
നിനക്കണിയുവാനായ് ഞാൻ കരുതിവയ്ക്കാം,

തണലുറങ്ങും നാട്ടുമാഞ്ചുവട്ടിൽ എന്റെ
പഴയവീടിൻ ജനൽപ്പടികടന്ന്,
മഴമണക്കുന്നൊരു കാറ്റു വന്നിട്ടെന്റെ
ഹൃദയപേടകമെന്തിനോ തുറന്നു,

ഉണർവിൻ വെളിച്ചം തിരഞ്ഞതിൽ നിന്നും
ചിറകുമുളച്ചു പറക്കുന്നിതാ,
ഓർമ്മകൾ പറ്റമീയാംപാറ്റകൾ കണക്കോ -
ടിയടുക്കുന്നു നിന്നരികിൽ,

ഇടവഴിയിലിരുൾവഴിയിളന്നുനമ്മൾ തമ്മി-
ലിടയാതകന്നങ്ങു പോയനാളിൽ
കൈവിട്ടൊരാ കൊച്ചു കൈലേസിൽ
ഞാനെന്റെ ഹൃദയാക്ഷരങ്ങൾ കുറിച്ചിരുന്നു,

പുഴയിലെതെളിനീരിലെൻ മുഖം കാണുവാൻ
കടവിലെൻ  പിന്നിൽ നീ നിന്ന കാര്യം,
അറിഞ്ഞിട്ടുമറിയാത്ത ഭാവത്തിലെന്തിനോ
പിന്തിരിഞ്ഞന്നു ഞാൻ നോക്കിയില്ല,

നടവരമ്പോരം  നടന്നു നീങ്ങുമ്പോഴാ -
പടവലപ്പന്തലിന്നിടയിലൂടെ,
കണ്ണൊന്നുനീട്ടിയെൻ കവിളിലെ കരിനിഴൽ
പുള്ളിയിൽ നീ തൊട്ടതോർമ്മയുണ്ടോ ?

നെഞ്ചിൻമിടിപ്പുനീ കേൾക്കാതിരിക്കുവാൻ
അരികിലേക്കണയാതെ നിന്ന രാവിൽ
നിറുകയിൽ ചുംബിക്കുവാനായ് മാത്രമെൻ
കനവിൽ നീ വന്നതും ഓർമ്മയുണ്ടോ?

വടിവൊത്ത കൈപ്പടയിലെഴുതിയ കവിതകൾ
മാറിൽ വിയർപ്പിൽ കലർന്നൊഴുകി,
പരക്കും മഷിക്കറ തീർത്തൊരാകാശത്തിൽ
നീ തന്ന മുത്തുകളൊളിപ്പിച്ചു ഞാൻ,

ഓരോ ചിരിയിലും നീ തീർത്ത കാന്തിക -
വലയത്തിൽഞാൻ മണൽത്തരിയായതും
നിനക്കായിമാത്രം ചിരിച്ചതും
ഇവളെന്തെതാണെന്ന വാക്കിന്ന് കാതോർത്തതും

പാമരം പൊട്ടിയ പായ്കപ്പലിൽ
രാവുനീളെ കിനാക്കായലാഴങ്ങളിൽ
ദിക്കറിയാതെ കുഞ്ഞോളങ്ങൾ  പോൽ നമ്മൾ
കൊക്കുരുമ്മി തമ്മിൽ കരളുരുമ്മി,

ഇനിയുമൊരു പൂക്കാലമുണ്ട്, പൂക്കാൻ
നമുക്കൊന്നിച്ച് വള്ളിപ്പടർപ്പായീടാൻ,
കടം പറഞ്ഞെങ്ങോ മറഞ്ഞു മുല്ലക്കൊടി
മഴവീഴുവാൻ നേരമായി, പിരിയാം,

ഒരുവാക്കിലൊരുവരിയിലെഴുതാവതല്ലെന്റെ
കരളിനുള്ളിൽ പൂത്ത നൂറുസ്വപ്നം,
കരുതിഞാൻ വയ്ക്കാം നിനക്കുതരാനെന്റെ
ഹൃദയാഭിലാഷങ്ങൾ കോർത്ത സൂക്തം,

അനുജ ഗണേഷ്


Wednesday, September 12, 2018

എരിയുന്ന പ്രിയസഖി
---------------=====-----------
നാരുകൾ പോലെ നേർത്ത പൊടിമീശ
എത്തിനോക്കി തുടങ്ങിയ കാലത്ത്,
നിന്നെയാദ്യമായി    തൊട്ടപ്പോളെൻവിരൽ
കാറ്റിലാലില പോലെ വിറയാർന്നു,

ചുണ്ടുകൾക്കിടയിൽ നീയമർന്നപ്പോൾ
ഉള്ളിൽ നീ തീർത്തുനവ്യമൊരാവേശം,
നേർത്ത തൂവെള്ളിമേഘങ്ങൾ പാറുന്ന
അതിരെഴാപ്പുതുലഹരിതന്നാകാശം,

ചൊടികളിൽ വിടർന്നുന്മാദവേഗത്തിൽ
സിരകളിൽ പടർന്നെൻ ശ്വാസനാളികൾ
ഇരുളടഞ്ഞുകിടക്കുന്ന കാഴ്ചയും
കണ്ടു തിരികെ നീ പോയി മറഞ്ഞീടിലും

ഇടവിടാതെന്റെ ചിന്താസരണികളിൽ  
അലയിടുന്നു  നിൻ  വശ്യമന്ദസ്മിതം,
പ്രണയസാഫല്യം ആണെനിക്കെന്നും നിൻ
പുകപകരുന്ന ഹർഷവിസ്ഫോടനം

പുലരിയിലെൻ കരതലം ആദ്യമായ്
തേടിടുന്നതും നിന്നെയല്ലോ സഖീ,  
അന്തിയാവോളം എത്രയെനിക്കായ്‌
വെന്തെരിഞ്ഞുരുകുന്നുണ്ട് നീ നിത്യം

ലഹരിതൻ മൊട്ടുറങ്ങുന്ന വള്ളി നീ
എന്നിൽ ഊർജ്ജതരംഗങ്ങൾ തീർപ്പവൾ
അരുതരുതെന്ന് മതിചൊല്ലുമെങ്കിലും
ഹൃദയമുണ്ടോ മറക്കാൻ തുനിയുന്നു,

തമ്മിലകലാൻ നിനയ്ക്കുമ്പോളൊക്കെയും
എന്നിലേക്കടുക്കുന്നു നീ പിന്നെയും,
നീണ്ടുപോകയാണീ പ്രണയം,നമ്മൾ
തമ്മിലോർക്കാതൊരുദിനം താണ്ടുമോ ?

അനുജ ഗണേഷ്

Thursday, September 6, 2018

നാവില്ലാത്തവർ ജീവിക്കട്ടെ
(അനുജ ഗണേഷ്)
-----------------------------------------------
നിങ്ങൾക്കെന്റെ  തൂവലുകൾ തുന്നിച്ചേർക്കാം,
പറക്കുവാനുള്ള എന്റെ  ആവേശം തകർക്കുവാനാകുമോ?

കണ്ണുകൾ മൂടിക്കെട്ടി ഇരുട്ടറയിൽ തള്ളാം,
എന്റെ പ്രജ്ഞയിലെ വെളിച്ചം മറയ്ക്കാനാകുമോ ?

എന്റെ വിരലുകൾ വിരിയിക്കുന്ന
പുഷ്പങ്ങളെ  തല്ലിക്കൊഴിക്കാനാകും,
അവ നീളെ  പരത്തിയ സൗരഭ്യം
അടക്കിപ്പിടിക്കുവാനാവുമോ ?

നേർവഴികൾ തേടിഞാൻ അലയാതിരിക്കുവാൻ
ഈ കാലുകൾ കൂട്ടികെട്ടാം ,
എന്റെ നേരുകളെ നിങ്ങൾക്ക്‌ കെട്ടിയിടാനാകുമോ ?

എതിരു  പറയുന്ന നാവുകളത്രയും
അരിഞ്ഞു വീഴ്ത്തുവാൻ
നിങ്ങൾ മുതിരുന്നുവെങ്കിൽ
നാവില്ലാത്തവർ മാത്രം ഇവിടെ  ജീവിക്കട്ടെ
എന്ന് ഞാനും ആശംസിക്കാം....

Sunday, September 2, 2018

സ്മരണയിൽ ഒരോണം 
************************

വളരെ നാളായി വിടരാത്ത മൗനങ്ങൾ 
തൊടിയിൽ ചെറുചിരിപ്പൂക്കളായ് വിടരുന്നു 
ഇടയിലെപ്പോഴോ കേൾക്കുന്നു കിളികൾതൻ 
മൊഴികൾ, കുറുകുന്ന കുഞ്ഞു പായാരങ്ങൾ,

മറവിയിൽ നിന്നുമരികിലേക്കെത്തുന്നു 
പഴയൊരോണത്തിൻ ചിന്തുകൾ, ചിന്തകൾ 
നറുനിലാവെളിച്ചത്തിൽ ഈറൻമാറി 
വെൺപകൽകച്ച കെട്ടിയ തുമ്പയും, 

ചെറു ചിരാതുകൾ പോൽ നിരയായ് മിന്നും 
അരിയ മുക്കുറ്റി, മുല്ലമന്ദാരങ്ങൾ, 
നിറനിറയായ് ഒരുങ്ങുന്ന പാടങ്ങൾ
നല്ലൊരോണനാളിൽ വിരുന്നേകുവോർ, 

കുഞ്ഞുകൈകളിൽ പൂവട്ടികൾ തങ്ങി,  
ചാഞ്ഞചില്ലകളിൽ  ഊഞ്ഞാലുകൾ തൂങ്ങി,
കുഞ്ഞുവായ്കളിൽ ശർക്കരയുപ്പേരി, 
കളിയടക്കകൾ കീശയിൽ പെരുകുന്നു 


കോടിമുണ്ടും, കസവു പുടവയും 
പായസത്തിൻ മണവും, കുമ്മാട്ടിയും, 
ഓണമെത്തി ഒരുങ്ങുന്നു പൂമുറ്റം, 
ഓരിതൾ പൂക്കളാൽ കളം നിറയുന്നു, 
ഒത്തുകൂടലും, ഓണക്കളികളും 
ഓർമമാത്രമാണൊണമിന്നെല്ലാർക്കും... 


അനുജ ഗണേഷ് 

Monday, July 2, 2018

അഭയാർത്ഥി
--------------------
എന്റെ പ്രണയസൗധസങ്കേതങ്ങളും,
സ്നേഹമൂട്ടിയുറപ്പിച്ച ബന്ധനങ്ങളും,
കാമംകവിഞ്ഞൊഴുകി തളിർത്ത കാടുകളും,
സൂചിക്കുത്തുകളായി ഹൃദയത്തിലാഴ്ന്നിറങ്ങിയ നോവുകളും,
ഏകാന്തത പുതച്ചു  നിശ്ചലം
ശയിക്കുന്നയൊരീ ദേഹവും,
ഇവിടെ ഉപേക്ഷിക്കുന്നു,
അഭയാർത്ഥിയായി ഞാൻ വിടവാങ്ങുന്നു,

ഞാൻ മരമായി നിന്നിൽ തണൽ വിരിക്കുവാൻ വന്നപ്പോഴൊക്കെ,
നീ മഴുവായ് എന്റെ തായ്ത്തടി അരിഞ്ഞു നിലത്തിട്ടു,
എന്റെ ചില്ലകളിൽ കൂടുകൂട്ടിയിരുന്ന സ്വപ്‌നങ്ങൾ
തകർന്നുടഞ്ഞു അഴുകി മണ്മറഞ്ഞു,
രാധയായും, സീതയായും,
നിന്റെ പ്രണയം തേടി ഞാൻ വന്നു,
ഒഴിഞ്ഞ പിച്ചളപ്പാത്രങ്ങൾ
ഹൃദയമെന്ന് ചൊല്ലി നീ എന്റെ കൈകളിൽ തന്നു,
എന്റെ നീരുറവകൾ നിനക്കുവേണ്ടി നിലക്കാതെ ഒഴികിയപ്പോൾ,
നീ വരാനിരിക്കുന്ന വർഷത്തിന്റെ കുളിർ തേടി അകന്നുപോയി,

മഴക്കാറ് ഗർജ്ജിക്കുന്ന വാനിലേക്ക്
അദൃശ്യയായ ഒരു പക്ഷിയെ പോലെ,
ചിറകടിച്ചു പറന്നുയരട്ടെ ഞാൻ,
പ്രണയിക്കുന്നവരെ വംശഹത്യക്കിരയാക്കുന്ന
ഉള്ളു പൊള്ളയായ ഈ ലോകം വെടിഞ്ഞ്,
ഒരഭയാർത്ഥിയെ പോലെ,
(അനുജ ഗണേഷ് )


Friday, June 15, 2018

വാതിൽ

വാതിൽ
********

മൃതിയെന്നാൽ അവസാനമാകുന്നില്ലലോ
അതൊരു വാതിൽ മാത്രമാണ്,
ഇരുമുറികളിലായ് നമ്മെ ഒറ്റപ്പെടുത്തുന്ന
നമുക്കിടയിലെ അടഞ്ഞ വാതിൽ
വാതിലിനിരുപുറം നീ നീയും , ഞാൻ ഞാനുമാണ്
നമുക്കൊരേ ഓർമ്മകളാണ്,

കൊഴിഞ്ഞു പോയ നാളുകളും
കരഞ്ഞു തീർത്ത നോവുകളും
നെയ്തു കാത്തുവച്ച സ്വപ്നങ്ങളും
നമുക്കിന്നും ഒരുപോലെയാണ്

പൊട്ടിച്ചിരികളായിരം വിരിഞ്ഞു കൊഴിഞ്ഞ
നിന്റെ ചൊടിയിലെ മൗനം
എന്റെ തടവറയിലെ  ഇരുട്ട് കൊഴുപ്പിക്കുന്നു
തേങ്ങി കരയുന്ന നിന്റെ നിശ്വാസത്തിന്റെ
താപം
ഈ തടവറയിൽ വരണ്ട കാറ്റായ് വീശുന്നു

അടഞ്ഞ മുറികളിൽ ഒരേ മനസ്സുമായ്
ഇനിയുമേറെ കാത്തിരിക്കാം നാം
മൃതിയുടെ വാതിൽ നമുക്കിടയിൽ ഒരുനാൾ തുറക്കപ്പെടും
ഈ ഒറ്റമുറിയിൽ നാം വീണ്ടും ഒന്നിച്ചു ചേരുവാൻ..

Friday, March 16, 2018

മിണ്ടാചെണ്ടകൾ
*****************
എന്തിനായി മിണ്ടി നീ ചെണ്ടേ ?
മിണ്ടുവാൻ ചൊന്നതില്ലല്ലോ ?

മണ്ടയിൽ തല്ലുകൊണ്ടിട്ടാ,
എന്റെ മണ്ടയിൽ കോലു തൊട്ടിട്ടാ,

മണ്ടയിൽ തല്ലുകൊണ്ടാലും
മിണ്ടാവതുണ്ടോ നീ ചെണ്ടേ ?

മണ്ടയിൽ കോലിട്ടടിച്ചാൽ
മിണ്ടാതിരിക്കുവാനാമോ ?

മിണ്ടാത്തചെണ്ടകളുണ്ട്
ഞാൻ കണ്ടതുണ്ടേറെയെൻ നാട്ടിൽ

തച്ചാലും മിണ്ടാത്ത ചെണ്ടയോ ?
ഞാൻ കണ്ടതില്ലിന്നോളമെങ്ങും

'ബാങ്ക് ' എന്നൊരൊമനപ്പേരിൽ
ഉണ്ടിടങ്ങൾ നാടുനീളെ
കണ്ടതുണ്ടതിനുള്ളിലായ് ഞാൻ
മിണ്ടാത്ത ചെണ്ടകളേറെ,

എങ്കിലവിടൊന്നു  പോണം
ചെണ്ടവർഗത്തിനെ പോലും
നാണം കെടുത്തുന്നവരെ
നേരിലെനിക്കൊന്നു കാണാൻ..

(അനുജ ഗണേഷ് )

Saturday, February 24, 2018

ഒരു ചുവന്ന പുഴ




അവളുടെ കാലിടുക്കുകൾക്കിടയിലൂടെ 
നാളുകളായി ഒരു പുഴയൊഴുകുന്നു,
നനുത്ത  റോസാപൂവിതളുകൾ  
കൊഴിഞ്ഞുവീണ് ചുവന്ന പുഴ,

തടങ്ങളിൽ പൂക്കളെ തലോടിയും 
പുതു നാമ്പുകളെ തൊട്ടുണർത്തിയും, 
അടിത്തട്ടിൽ നോവുന്നൊരു നനവൊളിപ്പിച്ച്, 
ഇരുളുപുതച്ച്,  ആരോരുമറിയാതെ 
നാളുകളായ് ഒരു പുഴ ഒഴുകുന്നു, 


ആദ്യമായ് ഉറവുതെളിഞ്ഞീച്ചെമ്പുഴ -
പുതുവഴിയിലൂടൊഴുകിയിറങ്ങിയതും, 
ഋതുഭേദങ്ങളിൽ, വരണ്ടുണങ്ങിയതും, 
നിറഞ്ഞൊഴുകിക്കുത്തിയൊലിച്ചതും,
അടിയൊഴുക്കിൽ അടിത്തട്ടുകൾ 
ആടിയുലഞ്ഞതും,പിടഞ്ഞതും 

അറിഞ്ഞിരുന്നില്ലമറ്റാരും, അവളൊഴികെ!
 പുഴയുടെ നനവിലവൾ 
പുതിയ തളിരുകൾ വിരിയിച്ചതും 
പുഴയുടെ താരുണ്യം 
അവളുടെ കവിളുകൾ തുടുപ്പിച്ചതും  
പുഴയുടെ നെടുവീർപ്പുകൾ 
അവളിൽ ഓളങ്ങളിളക്കിയതും 

അറിഞ്ഞിരുന്നില്ലമറ്റാരും, അവളൊഴികെ!

പുഴയൊഴുകാത്ത വഴികളിൽ 
പൂക്കൾ വിരിഞ്ഞില്ല, 
പുതുനാമ്പുകൾ തളിർത്തതുമില്ല,
എങ്കിലുമെന്തിനെന്നറിയില്ല,
അവളൊഴുകിയ വഴികളൊക്കെയും 
തെളിനീര് തളിച്ചു ശുദ്ധിവരുത്തി!
തൊട്ടുകൂടാത്ത, തീണ്ടുകൂടാത്ത 
അവളുടെ മാത്രം ഇരുണ്ട പുഴ, 
ഒടുവിലൊരുനാൾ വറ്റിവരണ്ടതും, 
 ഇരുളറകിൽ നഷ്ടബോധത്തിന്റെ 
കനത്ത ശൂന്യത നിറച്ചതും, 
അവളുടെ ചമയക്കൂട്ടിലെ 
കടും നിറങ്ങളിളെ നേർപ്പിച്ചതും,
കൊഴിഞ്ഞുപോയ മാസങ്ങള
നെറ്റിയിൽ മുറയ്ക്കവൾ തൊട്ടുവച്ച   
'അശുദ്ധി'യുടെ കറുത്തപൊട്ടുകൾ, 
നേർത്തുനേർത്ത് കാണാമറയത്തൊളിച്ചതും,

അറിഞ്ഞിരുന്നില്ലാരും, അവളൊഴികെ! 

അവളുടെ കാലിടുക്കുകൾക്കിടയിലൂടെ 
ആരോരുമറിയാതെ പുഴ ഒഴുകട്ടെ, 
നനുത്ത  റോസാപൂവിതളുകൾ  
കൊഴിഞ്ഞുവീണ് ചുവന്ന പുഴ,
അവളുടെ മാത്രം, ചുവന്ന പുഴ, 

Friday, February 23, 2018

വിശപ്പിന്റെ നിയമങ്ങൾ 
**************************
അവനറിയാമായിരുന്നു, 
കാടിന്റെ നിയമങ്ങൾ, 
ആഹാരത്തിനുവേണ്ടി മാത്രം ഒന്നിനെ 
കൊല്ലുന്ന കാട്ടുമൃഗങ്ങളുടെ നിയമം,
ഒരുവനും  എതിരാവാതെ സ്വയം 
വഴിമാറിയൊതുങ്ങി പോകുന്ന കാട്ടുനിയമം, 
കട്ടുമുടിക്കാതെ, കാടുതീണ്ടാതെ 
നട്ടുപിടിപ്പിച്ചുവളർത്തുന്ന   കാട്ടുനിയമം, 
ഇരുളിലൂന്നി നടക്കുവാനല്ലാതൊരു 
കാട്ടുചുള്ളിപോലുമൊടിച്ചുകൂടെന്ന  
കാട്ടുമനുഷ്യന്റെ കാടൻ നിയമം, 

പക്ഷെ, അവനറിയാമായിരുന്നില്ല 
വിശപ്പിന്റെ നിയമങ്ങൾ, 
എരിയുന്ന വയറിന്റെ നിയമപുസ്തകത്തിൽ 
മോഷണം ഒരു കുറ്റമായിരുന്നില്ല, 
വയറു വിളിച്ചതിനു പിന്നാലെയാവും 
അന്യന്റെപാത്രത്തിലേക്കവന്റെ കൈകൾ നീണ്ടതും, 

എന്നാൽ നാട്ടുമൃഗങ്ങളുടെ നിയമങ്ങളിൽ 
അവന്റെ  വിശപ്പുപോലും 
ഒരു ഭീകരമായ കുറ്റമായിരുന്നു 
തച്ചുകൊല്ലാൻ വിധിയെഴുതേണ്ടിയിരുന്ന 
പഴുതുകളില്ലാത്ത ഭീകരമായ കുറ്റം,.....