Saturday, December 15, 2018

ചില മുഖങ്ങൾ
--------------------------
നീളൻ  വഴികൾക്കിരുവശം
മരങ്ങളും മുഖങ്ങളും ധൃതിയിൽ
പിന്നോട്ട് ഓടിമറയുമ്പോഴും ,
കണ്ണും മനസ്സും ഇടയ്ക്കൊക്കെ
ചില മുഖങ്ങളിൽ
ഒന്നുടക്കിനിൽക്കാറുണ്ട്,

ഒരു വെയിലിനും
പൊള്ളിച്ചുവപ്പിക്കാനാകാത്ത ,
ഒരു മഴയ്ക്കും
ജ്വരം തീണ്ടി കുളിർപ്പിക്കാനാകാത്ത,
ഇരുണ്ട തൊലിപ്പുറത്ത്
ഒരായുസ്സിന്റെ കഥകൾ
അക്ഷരത്തെറ്റുകളില്ലാതെ
കോറിയിട്ട ചില മുഖങ്ങളിൽ,

വൈകുന്നേരങ്ങളിൽ
അവയിൽ ചിലത് മിന്നായം പോലെ
ഓർമ്മയിൽ നിന്നെത്തിനോക്കും,  
പൈപ്പ്‌ലൈൻ കുഴികളിൽ കഴുത്തറ്റം
വെള്ളത്തിൽ മുങ്ങികിടക്കുന്ന
കരിവാളിച്ചോരു ദയനീയ മുഖമായോ,
സെക്യൂരിറ്റി യൂണിഫോമിൽ നിന്നുയർന്ന     ചുമച്ചുതളർന്ന നീളൻ വിസിലടികളായോ,

രാത്രിഭക്ഷണത്തിന്റെ എച്ചിൽപാത്രം
പെറുക്കിയെടുക്കവേ തീന്മേശയിൽ
കളഞ്ഞുകിട്ടിയ വയസ്സൻ ചിരിയായോ,
ചെരുപ്പിടാത്ത കാലുകളിൽ  ജീവിതത്തിന്റെ
ഭൂപടം ഒളിഞ്ഞിരിക്കുന്നത് കാട്ടിത്തന്ന
കിഴവൻ ഓട്ടോക്കാരനായോ,

വീട്ടുകാരിയുടെ വിയർപ്പുപ്പിലുണ്ടാക്കിയ
മുറുക്ക് ചാക്കിലാക്കി, മാസാദ്യം വീട്ടിൽ
വരുന്ന എഴുപതുകാരൻ അണ്ണാച്ചിയുടെ
തടിച്ച വേരിക്കോസിന്റെ കരിനീല നിറമായോ,
ഓർമ്മയിൽ തെളിഞ്ഞു നിൽക്കുന്നെങ്കിലും  
വാക്കുകൾക്കപ്രാപ്യമായ
എണ്ണമില്ലാത്ത മുഖങ്ങൾ ഇനിയും ബാക്കി,

എത്തിനോട്ടങ്ങൾക്കൊടുവിൽ
കണ്ണടക്കുമ്പോൾ,
ഒരു തുള്ളി കണ്ണുനീർ അറിയാതെ
കവിളിലേക്ക് വഴിവെട്ടിത്തുടങ്ങും,
അച്ഛന്റെ നെറ്റിയിലൊരുമ്മ വക്കാൻ തോന്നും,
ആ നെറ്റിച്ചുളിവുകൾക്കിടയിൽ  
വടിവൊത്ത അക്ഷരത്തിൽ
എന്റെ പേരെഴുതിവെക്കാൻ തോന്നും,
ഇരട്ടവരയൻ നോട്ടുബുക്കിലെഴുതും പോലെ...

(അനുജ ഗണേഷ് )

No comments:

Post a Comment