വിശപ്പിന്റെ നിയമങ്ങൾ
**************************
അവനറിയാമായിരുന്നു,
കാടിന്റെ നിയമങ്ങൾ,
ആഹാരത്തിനുവേണ്ടി മാത്രം ഒന്നിനെ
കൊല്ലുന്ന കാട്ടുമൃഗങ്ങളുടെ നിയമം,
ഒരുവനും എതിരാവാതെ സ്വയം
വഴിമാറിയൊതുങ്ങി പോകുന്ന കാട്ടുനിയമം,
കട്ടുമുടിക്കാതെ, കാടുതീണ്ടാതെ
നട്ടുപിടിപ്പിച്ചുവളർത്തുന്ന കാട്ടുനിയമം,
ഇരുളിലൂന്നി നടക്കുവാനല്ലാതൊരു
കാട്ടുചുള്ളിപോലുമൊടിച്ചുകൂടെന് ന
കാട്ടുമനുഷ്യന്റെ കാടൻ നിയമം,
പക്ഷെ, അവനറിയാമായിരുന്നില്ല
വിശപ്പിന്റെ നിയമങ്ങൾ,
എരിയുന്ന വയറിന്റെ നിയമപുസ്തകത്തിൽ
മോഷണം ഒരു കുറ്റമായിരുന്നില്ല,
വയറു വിളിച്ചതിനു പിന്നാലെയാവും
അന്യന്റെപാത്രത്തിലേക്കവന്റെ കൈകൾ നീണ്ടതും,
എന്നാൽ നാട്ടുമൃഗങ്ങളുടെ നിയമങ്ങളിൽ
അവന്റെ വിശപ്പുപോലും
ഒരു ഭീകരമായ കുറ്റമായിരുന്നു
തച്ചുകൊല്ലാൻ വിധിയെഴുതേണ്ടിയിരുന്ന
പഴുതുകളില്ലാത്ത ഭീകരമായ കുറ്റം,.....
No comments:
Post a Comment