Wednesday, September 19, 2018


സ്വപ്നം
--------------
ഒരുവാക്കിലൊരുവരിയിലെഴുതാവതല്ലെന്റെ
കരളിനുള്ളിൽ പെയ്ത മധുരസ്വപ്നം,
പ്രണയാഭിലാഷങ്ങൾ കോർത്തുവയ്ക്കാം,
നിനക്കണിയുവാനായ് ഞാൻ കരുതിവയ്ക്കാം,

തണലുറങ്ങും നാട്ടുമാഞ്ചുവട്ടിൽ എന്റെ
പഴയവീടിൻ ജനൽപ്പടികടന്ന്,
മഴമണക്കുന്നൊരു കാറ്റു വന്നിട്ടെന്റെ
ഹൃദയപേടകമെന്തിനോ തുറന്നു,

ഉണർവിൻ വെളിച്ചം തിരഞ്ഞതിൽ നിന്നും
ചിറകുമുളച്ചു പറക്കുന്നിതാ,
ഓർമ്മകൾ പറ്റമീയാംപാറ്റകൾ കണക്കോ -
ടിയടുക്കുന്നു നിന്നരികിൽ,

ഇടവഴിയിലിരുൾവഴിയിളന്നുനമ്മൾ തമ്മി-
ലിടയാതകന്നങ്ങു പോയനാളിൽ
കൈവിട്ടൊരാ കൊച്ചു കൈലേസിൽ
ഞാനെന്റെ ഹൃദയാക്ഷരങ്ങൾ കുറിച്ചിരുന്നു,

പുഴയിലെതെളിനീരിലെൻ മുഖം കാണുവാൻ
കടവിലെൻ  പിന്നിൽ നീ നിന്ന കാര്യം,
അറിഞ്ഞിട്ടുമറിയാത്ത ഭാവത്തിലെന്തിനോ
പിന്തിരിഞ്ഞന്നു ഞാൻ നോക്കിയില്ല,

നടവരമ്പോരം  നടന്നു നീങ്ങുമ്പോഴാ -
പടവലപ്പന്തലിന്നിടയിലൂടെ,
കണ്ണൊന്നുനീട്ടിയെൻ കവിളിലെ കരിനിഴൽ
പുള്ളിയിൽ നീ തൊട്ടതോർമ്മയുണ്ടോ ?

നെഞ്ചിൻമിടിപ്പുനീ കേൾക്കാതിരിക്കുവാൻ
അരികിലേക്കണയാതെ നിന്ന രാവിൽ
നിറുകയിൽ ചുംബിക്കുവാനായ് മാത്രമെൻ
കനവിൽ നീ വന്നതും ഓർമ്മയുണ്ടോ?

വടിവൊത്ത കൈപ്പടയിലെഴുതിയ കവിതകൾ
മാറിൽ വിയർപ്പിൽ കലർന്നൊഴുകി,
പരക്കും മഷിക്കറ തീർത്തൊരാകാശത്തിൽ
നീ തന്ന മുത്തുകളൊളിപ്പിച്ചു ഞാൻ,

ഓരോ ചിരിയിലും നീ തീർത്ത കാന്തിക -
വലയത്തിൽഞാൻ മണൽത്തരിയായതും
നിനക്കായിമാത്രം ചിരിച്ചതും
ഇവളെന്തെതാണെന്ന വാക്കിന്ന് കാതോർത്തതും

പാമരം പൊട്ടിയ പായ്കപ്പലിൽ
രാവുനീളെ കിനാക്കായലാഴങ്ങളിൽ
ദിക്കറിയാതെ കുഞ്ഞോളങ്ങൾ  പോൽ നമ്മൾ
കൊക്കുരുമ്മി തമ്മിൽ കരളുരുമ്മി,

ഇനിയുമൊരു പൂക്കാലമുണ്ട്, പൂക്കാൻ
നമുക്കൊന്നിച്ച് വള്ളിപ്പടർപ്പായീടാൻ,
കടം പറഞ്ഞെങ്ങോ മറഞ്ഞു മുല്ലക്കൊടി
മഴവീഴുവാൻ നേരമായി, പിരിയാം,

ഒരുവാക്കിലൊരുവരിയിലെഴുതാവതല്ലെന്റെ
കരളിനുള്ളിൽ പൂത്ത നൂറുസ്വപ്നം,
കരുതിഞാൻ വയ്ക്കാം നിനക്കുതരാനെന്റെ
ഹൃദയാഭിലാഷങ്ങൾ കോർത്ത സൂക്തം,

അനുജ ഗണേഷ്


Wednesday, September 12, 2018

എരിയുന്ന പ്രിയസഖി
---------------=====-----------
നാരുകൾ പോലെ നേർത്ത പൊടിമീശ
എത്തിനോക്കി തുടങ്ങിയ കാലത്ത്,
നിന്നെയാദ്യമായി    തൊട്ടപ്പോളെൻവിരൽ
കാറ്റിലാലില പോലെ വിറയാർന്നു,

ചുണ്ടുകൾക്കിടയിൽ നീയമർന്നപ്പോൾ
ഉള്ളിൽ നീ തീർത്തുനവ്യമൊരാവേശം,
നേർത്ത തൂവെള്ളിമേഘങ്ങൾ പാറുന്ന
അതിരെഴാപ്പുതുലഹരിതന്നാകാശം,

ചൊടികളിൽ വിടർന്നുന്മാദവേഗത്തിൽ
സിരകളിൽ പടർന്നെൻ ശ്വാസനാളികൾ
ഇരുളടഞ്ഞുകിടക്കുന്ന കാഴ്ചയും
കണ്ടു തിരികെ നീ പോയി മറഞ്ഞീടിലും

ഇടവിടാതെന്റെ ചിന്താസരണികളിൽ  
അലയിടുന്നു  നിൻ  വശ്യമന്ദസ്മിതം,
പ്രണയസാഫല്യം ആണെനിക്കെന്നും നിൻ
പുകപകരുന്ന ഹർഷവിസ്ഫോടനം

പുലരിയിലെൻ കരതലം ആദ്യമായ്
തേടിടുന്നതും നിന്നെയല്ലോ സഖീ,  
അന്തിയാവോളം എത്രയെനിക്കായ്‌
വെന്തെരിഞ്ഞുരുകുന്നുണ്ട് നീ നിത്യം

ലഹരിതൻ മൊട്ടുറങ്ങുന്ന വള്ളി നീ
എന്നിൽ ഊർജ്ജതരംഗങ്ങൾ തീർപ്പവൾ
അരുതരുതെന്ന് മതിചൊല്ലുമെങ്കിലും
ഹൃദയമുണ്ടോ മറക്കാൻ തുനിയുന്നു,

തമ്മിലകലാൻ നിനയ്ക്കുമ്പോളൊക്കെയും
എന്നിലേക്കടുക്കുന്നു നീ പിന്നെയും,
നീണ്ടുപോകയാണീ പ്രണയം,നമ്മൾ
തമ്മിലോർക്കാതൊരുദിനം താണ്ടുമോ ?

അനുജ ഗണേഷ്

Thursday, September 6, 2018

നാവില്ലാത്തവർ ജീവിക്കട്ടെ
(അനുജ ഗണേഷ്)
-----------------------------------------------
നിങ്ങൾക്കെന്റെ  തൂവലുകൾ തുന്നിച്ചേർക്കാം,
പറക്കുവാനുള്ള എന്റെ  ആവേശം തകർക്കുവാനാകുമോ?

കണ്ണുകൾ മൂടിക്കെട്ടി ഇരുട്ടറയിൽ തള്ളാം,
എന്റെ പ്രജ്ഞയിലെ വെളിച്ചം മറയ്ക്കാനാകുമോ ?

എന്റെ വിരലുകൾ വിരിയിക്കുന്ന
പുഷ്പങ്ങളെ  തല്ലിക്കൊഴിക്കാനാകും,
അവ നീളെ  പരത്തിയ സൗരഭ്യം
അടക്കിപ്പിടിക്കുവാനാവുമോ ?

നേർവഴികൾ തേടിഞാൻ അലയാതിരിക്കുവാൻ
ഈ കാലുകൾ കൂട്ടികെട്ടാം ,
എന്റെ നേരുകളെ നിങ്ങൾക്ക്‌ കെട്ടിയിടാനാകുമോ ?

എതിരു  പറയുന്ന നാവുകളത്രയും
അരിഞ്ഞു വീഴ്ത്തുവാൻ
നിങ്ങൾ മുതിരുന്നുവെങ്കിൽ
നാവില്ലാത്തവർ മാത്രം ഇവിടെ  ജീവിക്കട്ടെ
എന്ന് ഞാനും ആശംസിക്കാം....

Sunday, September 2, 2018

സ്മരണയിൽ ഒരോണം 
************************

വളരെ നാളായി വിടരാത്ത മൗനങ്ങൾ 
തൊടിയിൽ ചെറുചിരിപ്പൂക്കളായ് വിടരുന്നു 
ഇടയിലെപ്പോഴോ കേൾക്കുന്നു കിളികൾതൻ 
മൊഴികൾ, കുറുകുന്ന കുഞ്ഞു പായാരങ്ങൾ,

മറവിയിൽ നിന്നുമരികിലേക്കെത്തുന്നു 
പഴയൊരോണത്തിൻ ചിന്തുകൾ, ചിന്തകൾ 
നറുനിലാവെളിച്ചത്തിൽ ഈറൻമാറി 
വെൺപകൽകച്ച കെട്ടിയ തുമ്പയും, 

ചെറു ചിരാതുകൾ പോൽ നിരയായ് മിന്നും 
അരിയ മുക്കുറ്റി, മുല്ലമന്ദാരങ്ങൾ, 
നിറനിറയായ് ഒരുങ്ങുന്ന പാടങ്ങൾ
നല്ലൊരോണനാളിൽ വിരുന്നേകുവോർ, 

കുഞ്ഞുകൈകളിൽ പൂവട്ടികൾ തങ്ങി,  
ചാഞ്ഞചില്ലകളിൽ  ഊഞ്ഞാലുകൾ തൂങ്ങി,
കുഞ്ഞുവായ്കളിൽ ശർക്കരയുപ്പേരി, 
കളിയടക്കകൾ കീശയിൽ പെരുകുന്നു 


കോടിമുണ്ടും, കസവു പുടവയും 
പായസത്തിൻ മണവും, കുമ്മാട്ടിയും, 
ഓണമെത്തി ഒരുങ്ങുന്നു പൂമുറ്റം, 
ഓരിതൾ പൂക്കളാൽ കളം നിറയുന്നു, 
ഒത്തുകൂടലും, ഓണക്കളികളും 
ഓർമമാത്രമാണൊണമിന്നെല്ലാർക്കും... 


അനുജ ഗണേഷ്