Monday, February 23, 2015

ഓർമ്മമരം




ഇലകളോരോന്നായ്‌ കൊഴിയുകയാണു
കരിയിലകളുടെ ഇരുൾ മൂടിയ താഴ്‌വര തേടി
അവർ നീണ്ട യാത്ര പോകുകയാണു
താഴ്‌വരയിൽ ഒരു നീർ പൊയ്ക,
പൊയ്കയിൽ തെളിയുന്നൊരു മുഖം


തെളിനീരിൽ കറുത്തടിഞ്ഞ ശിശിരങ്ങൾ
എത്രയെത്ര ശിശിരങ്ങൾ,
വർഷങ്ങൾ,പുണ്യപാപങ്ങൾ

പൊയ്കക്കരികിൽ ഒരു പുനർബാല്യം
കളിയോടങ്ങൾ പണിയുന്നു
മടക്കമില്ലാത്ത യാത്രക്ക്‌
ഇനി ഞാൻ തയ്യാറാകണം വൈകാതെ.....

Saturday, February 21, 2015



ഏതൊരദൃശ്യകരങ്ങൾ കൊണ്ടാണെൻ
ഉറങ്ങാൻ മറന്ന മിഴികളെ
നീയമർത്തി തിരുമ്മി കരുവാളിപ്പിച്ചതും
ഇരുട്ടിലെന്നും കെട്ടിപ്പുണർന്നെൻ
നെഞ്ചിൻ മിടിപ്പു പോലും നിലപ്പിച്ചതും




Thursday, February 12, 2015

പ്രതിബിംബം

പ്രതിബിംബം

എന്റെ നിലക്കണ്ണാടി
എന്റെ രൂപം തെളിയാത്ത നിലക്കണ്ണാടി,
എന്നെ കളിയാക്കി
ഉറക്കെ ചിരിക്കുന്ന കണ്ണാടി,

എന്നെ ഞാൻ അല്ലാതെയാക്കിയ
തിരഞ്ഞെടുപ്പുകൾ
എന്റെ പ്രതിബിംബം നോക്കി നെടുവീപ്പിടു മ്പോൾ
നിലക്കണ്ണാടി ചിരിക്കുന്നു,

ഈ വിളറിയ ചുണ്ടുകളിൽ
സ്വപ്നങ്ങൾ എത്തി നോക്കുന്ന
മഷി പടർന്ന കണ്ണുകളിൽ,
എനിക്കെന്നെ എ ന്നോ നഷ്ടപ്പെട്ടുകഴിഞ്ഞു,

എന്നെ നോക്കി ചിരിക്കുന്ന
ഈ മുഘം എന്റേതല്ല
എന്റെ നഷ്ടപ്പെട്ട നിഷ്കളങ്കത യുടെ,
മനസ്സിന്റെ,
 മങ്ങിയ പ്രതിബിംബം മാത്രം,

ഇതു ഞാനല്ല,
എന്റെ മുഘമല്ല,
എന്റെ സ്വപ്നങ്ങളല്ല
എന്റെ ലോകമല്ല

Monday, February 2, 2015

പാമ്പ്‌ ഉറയൂരുന്നതുപോലെ, മനുഷ്യൻ ഇടയ്ക്കിടെ ജീവസ്സറ്റ പഴയ ബന്ധങ്ങൾ ഉപേക്ഷിച്ചു പുതിയവയിലേക്ക്‌    ചേക്കേറാൻ കൊതിക്കും. സ്നേഹം എന്ന അവയവം തഴമ്പിച്ചും തേഞ്ഞും ചൈതന്യമറ്റതാവുമ്പോൾ അതിൽ വീണ്ടും വീര്യം കയറ്റി ചൂടും ചൊടിയുമുണ്ടാക്കാൻ.പുതുജീവൻ നൽകാനൊ പുനർജ്ജന്മം നൽകാനോ കെൽപ്പില്ലാത്ത നാം ദിനം തോറും നൂറു നൂറു പുതു സ്വപ്നങ്ങളെ പെറ്റ്‌ വലിച്ചെറിയുന്നു..അവറ്റകൾ അനാധരായി അലഞ്ഞുതിരിയുന്നു..

എനിക്കു തീവ്രമായി അനുഭവപ്പെടാത്ത ഒന്നിൽ നിന്ന് വീര്യമുണർത്താൻ ഞാൻ അശക്തയാണു. ജീവിതതിന്റെ മൗലികമായ തീക്ഷ്ണതയിൽ നിന്നും ചൈതന്യം സൃഷ്ടിച്ച്‌ വിളർപ്പേറിയ സ്വപ്നങ്ങൾക്ക്‌ പുതിയ വർണ്ണച്ചിറകുകൾ തുന്നിക്കൊടുക്കാൻ നമുക്കാകണം.
നമ്മിൽ സ്വാതന്ത്ര്യമുണർത്തിയ സ്വപ്നങ്ങളും പ്രതീക്ഷകളും അസ്തമിച്ചുകൊണ്ടിരിക്കുമ്പോൾ ജീവിതതിരക്ക്‌ അസഹ്യമാംവിധം വർദ്ധിച്ചുകൊണ്ടിരിക്കുമ്പോൾ, പുതിയ ദിനങ്ങളിൽ മോഹഭംഗങ്ങളുടെ കറുപ്പ്‌ നിറയാതിരിക്കാൻ എല്ലാ ഹൃദയങ്ങളിലും പ്രണയം മരിക്കാതിരിക്കട്ടെ.....
ഒരായിരം സംസ്കാരങ്ങളെ വിഴുങ്ങിയിട്ടും വിശപ്പടങ്ങാത്ത കടലുകൾ...
കണ്ണുനീരും രക്തവും ഒരുപോലെ അലിഞ്ഞില്ലാതാകുന്ന ഉപ്പു വെള്ളത്തിന്റെ ആഴങ്ങളിൽ ആരും അറിയാത്ത എത്രയെത്ര മഹാഭാരതങ്ങൾ ഉറങ്ങുന്നുണ്ടാകും??

പ്രളയങ്ങൾ ചൂഴ്‌ന്നെടുത്ത നമ്മുടെ വേരുകൾ എത്രയെത്ര ഈ ആഴങ്ങളിൽ അഴുകി തീർന്നിരിക്കും?? എത്രയെത്ര അറിയാത്ത തീരങ്ങളിൽ അടിഞ്ഞിരിക്കും!??..

ചില വേർപ്പാടുകൾ

ആഴമുള്ള മുറിവുകളിൽ ആദ്യം വെറും മരവിപ്പാണു. പോകെ പോകെ അവ വിങ്ങിവിങ്ങി താങ്ങാനാവാത്ത നോവാകുന്നു.ചിലരുടെ വേർപാടുകൾ അങ്ങനെയാണു. പകലും രാവും പ്രകൃതിയും നീയും ഞാനും ആരും അറിയാതെ ചിലർ നമ്മെ വിട്ടുപോകുന്നു.ഒരു തുള്ളി മിഴിനീർ പോലും അവർക്ക്‌ വേണ്ടി പൊഴിക്കാനാവുന്നില്ല.

 മരണത്തിന്റെ കറുപ്പ്‌ പുറത്തുമാത്രം, മനസ്സിന്റെ ഉള്ളു നിറയെ അവരുടെ പുഞ്ചിരി നിറക്കുന്ന വെട്ടമാണു. ഒരു തേങ്ങലായി നെഞ്ചിൽ എന്നും നിറയുന്ന പുഞ്ചിരി....

ഒരു ജീവിതം മുഴുവൻ ഒപ്പം കൈ പിടിച്ചു കൂടെ നടന്നവർ ഒരു ദിവസത്തിനൊടുവിൽ കൂടെ ഇല്ലാതാവുമ്പോൾ, ആ ശൂന്യത നിറക്കാൻ മറ്റൊന്നിനുമാവില്ല. ചെയ്തു തീർക്കാൻ ഇനിയും ധാരാളം ശേഷിക്കവെ ആ  ആത്മാവിനു നമ്മോടൊപ്പം നിൽക്കതിരിക്കാൻ ആവില്ല..ആത്മാവു ശേഷിപ്പിച്ച് ശരീരം മാത്രം യാത്രയാകുന്ന ചില  വേർപ്പാടുകൾ..ഒരിക്കലും മനസ്സിൽ മരിക്കാത്ത ചിലർ.......

പുഴ

വരികൾ തീരുന്നിടത്ത്‌, ഒരു പുഴയുണ്ട്‌. നീ നടന്നകന്ന വഴിയിലൂടെ ഒഴുകുന്ന പുഴ.എന്റെ കണ്ണിൽ നിന്നും ഒഴുകിയിറങ്ങി നിന്റെ കാൽച്ചുവട്ടിൽ മറയുന്ന നേർത്ത വര പോലൊരു പുഴ.

യുദ്ധം

ഭാരതയുദ്ധം തുടങ്ങുമ്പോൾ രണ്ടു ചേരിക്കാർ തമ്മിൽ ചെയ്ത കരാർ ഇതായിരുന്നു.

" യുദ്ധം നടക്കാത്ത സമയങ്ങളിൽ രണ്ടു കക്ഷികളും പരസ്പരം സൗഹൃദം പുലർത്തണം.യുദ്ധം തുടങ്ങിയാൽ, ഗജാശ്വരദങ്ങളിലിരിക്കുന്നവർ ആ നിലയിലുള്ളവരോടെ എതിർക്കാവു,കാലാൾ കാലാളോടും. അണിവിട്ടുപോയവനെയും ക്ഷീണിതനെയും ആയുധരഹിതനെയും ഉപദ്രവിക്കരുത്‌".

ചുരുക്കത്തിൽ എതിരാളിയുടെ കുറവുകൊണ്ടല്ല, സ്വന്തം മികവുകൊണ്ടാണു യുദ്ധം ജയിക്കേണ്ടത്‌......ഒരു രാജ്യത്തിന്റെ സംസ്കാരവും പൈത്രികവുമാണു അവരുടെ യുദ്ധ രീതികൾ വിളിച്ചോതുന്നത്.

    ഗാസയിലെ ദീനരോദനങ്ങൾ കേൾക്കുമ്പോൾ അവിടെ നടക്കുന്നതിനെ യുദ്ധമെന്നു വിളിക്കാനാവുന്നില്ല...വെറും കൊലപാതകം.

ഒരു കാര്യം സംശയമില്ല..യേശുക്രിസ്തു ഇനിയും ജനിച്ചു വന്നാലും ആ മണ്ണിൽ ക്രൂശിക്കപ്പെടുക    തന്നെ ചെയ്യും..

******ശംഖുപുഷ്പം ******


വേലി നീളെ നീലക്കണ്ണുകളും നട്ടു
കാത്തു നിൽക്കുന്ന ശംഖുപുഷ്പങ്ങളെ,
മയങ്ങിയാലും നീ പൂട്ടാത്ത മിഴികളിൽ
ആരു  തന്നതീ വിരഹ നൊമ്പരം?