Monday, September 26, 2022

വൈകുന്നേരമാണ്

 നമുക്കായി മാത്രം പതിച്ചുകിട്ടിയ 

ആകാശതുണ്ടിന്റെ 
ചുവട്ടിൽ 
വഴിമറയുന്ന ഇരുട്ടിനെ 
നോക്കി നാമിരിയ്ക്കും ..  
നിന്റെ കണ്ണിലെ 
വിഷാദത്തെ
ഇരുട്ടിന് കൂട്ടായി 
നീ പറഞ്ഞയയ്ക്കും. 

നോക്കിയിരിക്കെ 
നമ്മുടെ ആകാശം 
വിശാലമായേക്കാം 
ഒരു ചെറുതടാകവും 
നിറയെ കിളികൾ കൂടേറിയ 
ചെറുമരവും, 
എന്നോ നീ മൂളിയ 
പാട്ടിന്റെ ഈണവും 
അരണ്ട നിലാവെളിച്ചവും 
നമ്മുടെ ആകാശത്തിൻ 
കീഴിൽ ചേക്കേറിയേക്കാം. 
എന്റെ കൈകൾ 
നിന്റെ കൈക്കുള്ളിൽ 
നീ ചേർക്കുമ്പോൾ 
നിന്റെ ഹൃദയത്തെ  
ഞാനെന്റെ ഹൃദയത്തിനുള്ളിലും.. 


തിരയെറിഞ്ഞുമടുത്ത് 
കടൽ പിൻവാങ്ങുന്ന 
നേരത്തോളം 
നിഴലെണ്ണി മടുത്ത് 
വെളിച്ചം പിൻവാങ്ങുന്ന 
കാലത്തോളം 
നിന്റെ കൈക്കുള്ളിൽ ഞാനും 
എന്റെ ഹൃദയത്തിനുള്ളിൽ നീയും.. 
നിമിഷങ്ങൾ, ആഴ്ചകൾ 
മാസങ്ങൾ, വർഷങ്ങൾ.. 
നമുക്കായി പതിച്ചുകിട്ടിയ 
ഒരുതുണ്ടാകാശം 
നമ്മിലേക്ക്‌ മാത്രം 
ചുരുങ്ങുന്നു പിന്നെയും.

No comments:

Post a Comment