Saturday, December 15, 2018

ചില മുഖങ്ങൾ
--------------------------
നീളൻ  വഴികൾക്കിരുവശം
മരങ്ങളും മുഖങ്ങളും ധൃതിയിൽ
പിന്നോട്ട് ഓടിമറയുമ്പോഴും ,
കണ്ണും മനസ്സും ഇടയ്ക്കൊക്കെ
ചില മുഖങ്ങളിൽ
ഒന്നുടക്കിനിൽക്കാറുണ്ട്,

ഒരു വെയിലിനും
പൊള്ളിച്ചുവപ്പിക്കാനാകാത്ത ,
ഒരു മഴയ്ക്കും
ജ്വരം തീണ്ടി കുളിർപ്പിക്കാനാകാത്ത,
ഇരുണ്ട തൊലിപ്പുറത്ത്
ഒരായുസ്സിന്റെ കഥകൾ
അക്ഷരത്തെറ്റുകളില്ലാതെ
കോറിയിട്ട ചില മുഖങ്ങളിൽ,

വൈകുന്നേരങ്ങളിൽ
അവയിൽ ചിലത് മിന്നായം പോലെ
ഓർമ്മയിൽ നിന്നെത്തിനോക്കും,  
പൈപ്പ്‌ലൈൻ കുഴികളിൽ കഴുത്തറ്റം
വെള്ളത്തിൽ മുങ്ങികിടക്കുന്ന
കരിവാളിച്ചോരു ദയനീയ മുഖമായോ,
സെക്യൂരിറ്റി യൂണിഫോമിൽ നിന്നുയർന്ന     ചുമച്ചുതളർന്ന നീളൻ വിസിലടികളായോ,

രാത്രിഭക്ഷണത്തിന്റെ എച്ചിൽപാത്രം
പെറുക്കിയെടുക്കവേ തീന്മേശയിൽ
കളഞ്ഞുകിട്ടിയ വയസ്സൻ ചിരിയായോ,
ചെരുപ്പിടാത്ത കാലുകളിൽ  ജീവിതത്തിന്റെ
ഭൂപടം ഒളിഞ്ഞിരിക്കുന്നത് കാട്ടിത്തന്ന
കിഴവൻ ഓട്ടോക്കാരനായോ,

വീട്ടുകാരിയുടെ വിയർപ്പുപ്പിലുണ്ടാക്കിയ
മുറുക്ക് ചാക്കിലാക്കി, മാസാദ്യം വീട്ടിൽ
വരുന്ന എഴുപതുകാരൻ അണ്ണാച്ചിയുടെ
തടിച്ച വേരിക്കോസിന്റെ കരിനീല നിറമായോ,
ഓർമ്മയിൽ തെളിഞ്ഞു നിൽക്കുന്നെങ്കിലും  
വാക്കുകൾക്കപ്രാപ്യമായ
എണ്ണമില്ലാത്ത മുഖങ്ങൾ ഇനിയും ബാക്കി,

എത്തിനോട്ടങ്ങൾക്കൊടുവിൽ
കണ്ണടക്കുമ്പോൾ,
ഒരു തുള്ളി കണ്ണുനീർ അറിയാതെ
കവിളിലേക്ക് വഴിവെട്ടിത്തുടങ്ങും,
അച്ഛന്റെ നെറ്റിയിലൊരുമ്മ വക്കാൻ തോന്നും,
ആ നെറ്റിച്ചുളിവുകൾക്കിടയിൽ  
വടിവൊത്ത അക്ഷരത്തിൽ
എന്റെ പേരെഴുതിവെക്കാൻ തോന്നും,
ഇരട്ടവരയൻ നോട്ടുബുക്കിലെഴുതും പോലെ...

(അനുജ ഗണേഷ് )

Tuesday, December 4, 2018

ഖസാക്കിലേക്ക് 
----------------------------
കാട്ടുതുമ്പികളുടെ
കണ്ണാടിച്ചിറകുകൾക്കിടയിലൂടെ
ചെതലിമലയിൽ 
അസ്തമയസൂര്യൻ 
കൂമങ്കാവിലേക്ക് 
കണ്ണെറിയുമ്പോൾ, 
വരുംവരായ്കകളുടെ 
ഓർമ്മകളിലെവിടെയോ 
കണ്ടുമറന്ന ജരാനരകൾ 
പേറിനിന്ന മാഞ്ചില്ലകൾ 
ഈ വഴിയമ്പലത്തിൽ 
എനിക്ക് തണൽ വിരിക്കുന്നു, 
എന്നെ തിരികെവിളിച്ച 
കാന്തക്കല്ലുകൾ രഹസ്യമായി 
എന്തോപറഞ്ഞേൽപ്പിച്ചിരുന്നപോലെ, 

ഖസാക്കിലെ സുന്ദരിയുടെ 
സുറുമയെഴുതിയ
കലങ്ങിയ കണ്ണുകൾ 
എന്നെ ഉറ്റുനോക്കുംപോലെ, 
വിത്തെറിഞ്ഞു പോയി 
കാലങ്ങൾക്കിപ്പുറം 
കാടുകാണാൻ വന്നവനെ പോലെ, 
ചെതലിയുടെ താഴ്‌വരയിൽ 
പൂവിറുക്കാനെത്തിയ 
അനുജത്തിയുടെ 
കൊലുസിന്റെ കിലുക്കം 
കേൾക്കുമ്പോലെ, 
 'അപ്പുക്കിളി'യെന്ന് 
നീട്ടിവിളിച്ചപ്പോൾ അടുത്ത്  
ഒരു മുക്കാൽമനുഷ്യൻ 
വന്നുനിന്നപോലെ, 

പള്ളിയുടെ കോത്തളത്തോളം 
വളർന്ന എട്ടുകാലികളെ 
തിരഞ്ഞെങ്കിലും കണ്ടില്ല, 
ഒരു മഴക്കോളിനൊപ്പം 
കാതുകളിൽ ഏറിയും
കുറഞ്ഞും നിർത്താതെ 
പെയ്തിറങ്ങിയ പരിഭവങ്ങൾ,
എത്രയെത്ര ആത്‌മാക്കൾ
 അടക്കിപ്പിടിച്ചിരുന്ന 
ചോദ്യഭാണ്ഡങ്ങളുടെ 
കെട്ടുകളഴിച്ചു, 
ഒടുവിൽ മന്ദാരത്തിന്റെ 
ഇലകൾ ചേർത്തു തുന്നിയ 
പുനർജ്ജനിയുടെ കൂടുവിട്ട് 
ഞാനും പടിയിറങ്ങി..... 

Saturday, December 1, 2018


ദിനാന്ത്യം
-----------------
പതിയെ പിച്ചവെച്ച്, കൊച്ചു സൂചി
അഞ്ചിലെത്തിനിൽക്കുമ്പോൾ
പന്ത്രണ്ടിലിരുന്നമ്മസൂചി ധൃതികൂട്ടും
'ഒന്നനങ്ങി വരുന്നുണ്ടോ  കുഞ്ഞേ നീയ് '

മേശപ്പുറത്ത്  ചിതറിക്കിടന്ന
 കടലാസുകളോരോന്നായ്
ആരുടേയും കണ്ണിൽ പെടാതെ
'ബാക്കി നാളെയാകട്ടെ' എന്നടക്കം ചൊല്ലി
വരിപ്പിന്റെ അടിത്തട്ടിലേക്ക്
മുങ്ങാംകുഴിയിട്ടസ്തമിക്കും,

അപ്പുറവും ഇപ്പുറവും നോക്കാതെ
ധൃതിയിൽ ബാഗും കുടയുമെടുത്ത്
കാതുകൾ രണ്ടും കൊട്ടിയടച്ച്
വാതിലിലേക്ക് പായുമ്പോൾ
'ഞാനിറങ്ങുന്നേ 'എന്നൊറ്റവാക്കിൽ
ആർക്കുവേണ്ടിയോ ഒരു
യാത്രാമൊഴി വലിച്ചെറിയും ,

ആവോളം നീളത്തിൽ ചുവടുവച്ച്
സ്റ്റോപ്പിൽ ആദ്യം വന്ന ബസിൽ ചാടിക്കയറി
കമ്പിയിൽ തൂങ്ങി, ഞെങ്ങിഞെരുങ്ങി,
ദുർഗന്ധങ്ങൾക്കിടയിൽ ശ്വാസംമുട്ടി,
പാതി വഴി  പിന്നിടുമ്പോഴേക്കും
വലത്തേ മുലക്കണ്ണ്  മെല്ലെചുരത്തിത്തുടങ്ങും,

ഇരുട്ട് വീടുകേറും മുൻപേ
വിളക്ക് വെക്കാൻ ഓടിക്കിതച്ചെത്തുമ്പോൾ
അമ്മൂമ്മയുടെ ഒക്കത്തിരുന്ന്
ചിണുങ്ങി പരിഭവം പറയുന്ന
ഒരു കുഞ്ഞുവായ പാൽക്കൊതിയോടെ
ഓടിവന്ന്  അവകാശം സ്ഥാപിക്കും ,

നഴ്സറിക്കാരനെ  പഠിപ്പിക്കലും
ഗൃഹപാഠയുദ്ധവും മൽപിടിത്തവും കഴിഞ്ഞ്
അത്താഴത്തിനൊരുക്കുമ്പോൾ
വാതിൽക്കലൂന്നൊരു നീണ്ടവിളി വരും ,
'അമ്മേ..... അച്ഛൻ വന്നൂ '

തളർച്ചയോ, വിളർച്ചയോ ഇല്ലാത്ത
പുഞ്ചിരിയോടെ വാതിൽക്കൽ
 ഒരു പൂന്തിങ്കളായ് ഞാനങ്ങനെ...

അന്നത്തെ വിശേഷങ്ങൾ കൊട്ടിയിടുന്നതിന്
ചാനൽ ചർച്ചകൾ പശ്ചാത്തല സംഗീതമാകും,

രാത്രിവണ്ടി മെല്ലെ അവസാനത്തെ
സ്റ്റേഷനിൽ എത്താറായി,

മക്കൾക്ക് ഇല്ലാകഥകളൊക്കെ പറഞ്ഞുകൊടുത്ത്, ഉറക്കിക്കിടത്തി, അവരറിയാതെ ഊർന്നെണീറ്റ്
 ആ ദിവസത്തിന്റെ ക്ഷീണങ്ങളത്രയും
അവന്റെ  നേഞ്ചിലേക്കിറക്കിവച്ച്
ഉറങ്ങാൻ കിടക്കുമ്പോൾ
പുറത്ത് പിച്ചിപ്പൂ മണംപരക്കും ,
മുടിയിഴകളിലൂടെ മെല്ലെ,
അവന്റെ വിരലുകൾ ഒഴുകിത്തുടങ്ങും,
ഇനിയും വിടരാത്ത പിച്ചി മൊട്ടുകൾ തിരഞ്ഞ്,

അനുജ ഗണേഷ്