Friday, October 6, 2017

പെണ്ണിരകൾ വാഴുവാൻ 
**************************

കമലലോലമിരുകരങ്ങൾ മതിയാമോ 
വരുംതലമുറപെൺജൻമക്കൾക്കിവിടെ വാഴുവാൻ, 
ഇരുമ്പുദണ്ഡിനെക്കാളുറപ്പുവേണമതു കൾക്കത്രെ 
നരാധമന്മാരെ ജയിച്ചോരോ ദിനം താണ്ടാൻ, 
കരിമുകിൽ നിറച്ചാർത്തുകളെഴുതും ചാരു 
നയനങ്ങൾ അംഗമാസകലമുണ്ടാകിലും 
ഇരുളിൻ ചതിക്കുഴികളിൽ കളിയാടും 
നിഴൽകൂത്തുകളറിയുവതെങ്ങനെനിൻമനക്കണ്ണിനാലല്ലാതെ,
കേൾക്കണമെത്രയോ യുഗങ്ങൾ പ്രതിധ്വനികൊണ്ട 
നിൻ തേങ്ങലുകളായിരം ഓരോ മധുരസ്വരത്തിനിടയിലും, 
പുതുവഴികളിലതിൻ ഓർമ്മചിത്രങ്ങൾ 
മായാതിരിക്കണം മനസ്സിൽ, 

അശ്വങ്ങൾഈരഞ്ചുമുണ്ടായിരിക്കണം 
മയിൽപേട പോലെയാടും നിൻ കാലുകളിൽ, 
നന്മതൻ വിദൂരതയെത്തിപ്പിടിക്കുവാൻ 
തിന്മയെ പിൻകാലിനാൽ ചവിട്ടിത്തെറിപ്പിക്കാൻ 
കാറ്റിൽ രാസോല്ലാസമാടികളിക്കുമീ
നീളൻ മുടിയിഴകുത്തിപ്പിടിക്കുവാൻ 
ഏതഞ്ചു വിരലുകൾ മുതിരുന്നുവോ 
അവൻ തൻ 
 തലയറുക്കാൻ പെണ്ണേ വാളെടുക്കൂ നീയും 
ചിലപ്പതികാരങ്ങളെത്രയോ പിറവികൊള്ളാ-
 നിരിക്കുന്നിനിയും പെൺമനകരുത്തിൽ 
ബലപുഷ്ടങ്ങളാം അംഗാന്തരങ്ങളാൽ 
ഉടലെടുക്കുന്നുണ്ടിവിടെ അനുദിനം പെൺകളായിരം, 
പെണ്ണേ, പിറക്കാനിരിക്കും യുഗങ്ങളിൽ 
അറിയപ്പെടില്ല നീ നിന്നുടലഴകിനാൽ 
അറിയുന്നതത്രയും ലോകം നിന്നെ 
നിൻ കരളുറപ്പിൻ കഥകളിലൂടെ മാത്രം 

No comments:

Post a Comment