■■■■■■■■■■■■■■■■■■■
പതിയെ പിച്ചവെച്ച്
കൊച്ചുസൂചി
അഞ്ചിലെത്തിയപ്പോൾ
പന്ത്രണ്ടിലിരുന്നമ്മ ധൃതികൂട്ടി
'ഒന്നനങ്ങി വരുന്നുണ്ടോ കുഞ്ഞേ നീയ്'
മേശപ്പുറത്ത് ചിതറിക്കിടന്ന
കടലാസുകളോരോന്നായ്,
'ബാക്കി നാളെയാകട്ടെ'
എന്നടക്കം ചൊല്ലി
വലിപ്പിന്റെ അടിത്തട്ടിലേക്ക്
മെല്ലെ മറഞ്ഞു..
അപ്പുറവും ഇപ്പുറവും നോക്കാതെ
ബാഗും കുടയുമെടുത്ത്
വാതിലിലേക്ക് നീങ്ങവേ
കാതുരണ്ടും കൊട്ടിയടച്ച് ഒരു
യാത്രാമൊഴി വലിച്ചെറിഞ്ഞു.
' ഞാനിറങ്ങുന്നേ '..
നീളൻചുവടുകൾ വച്ച്
ബസ് സ്റ്റോപ്പിലെത്തി
ആദ്യം വന്ന വണ്ടിയിൽ കയറി
,കമ്പിയിൽ തൂങ്ങി ഞെങ്ങിഞെരുങ്ങി
ദുർഗന്ധങ്ങൾക്കിടയിൽ ശ്വാസംമുട്ടി,
പാതിവഴി പിന്നിട്ടപ്പോഴേക്കും
വലത്തേ മുലക്കണ്ണ് മെല്ലെചുരത്തിത്തുടങ്ങി.
ഇരുട്ട് വീടുകേറും മുൻപേ
ഓടിക്കിതച്ച് വീടെത്തിയപ്പോൾ
അമ്മൂമ്മയുടെ ഒക്കത്തിരുന്ന്
ചിണുങ്ങി പരിഭവം പറഞ്ഞ
കുഞ്ഞുവായ പാൽക്കൊതിയോടെ
വന്നവകാശം സ്ഥാപിച്ചു ,
നഴ്സറിക്കാരനെ പഠിപ്പിക്കലും
ഗൃഹപാഠയുദ്ധവും മൽപിടിത്തവും കഴിഞ്ഞ്
അത്താഴത്തിനൊരുക്കുമ്പോൾ
വാതിൽക്കൽ നിന്നൊരു
നീണ്ട വിളി വരും
'അമ്മേ..... അച്ഛൻ വന്നൂ '
തളർച്ചയോ, വിളർച്ചയോ ഇല്ലാത്ത
പുഞ്ചിരിയോടെ വാതിൽക്കൽ
പൂന്തിങ്കളായ് ഞാനങ്ങനെ...
ഓരോന്നായ് അന്നത്തെ
വിശേഷങ്ങൾ കൊട്ടിയിടുമ്പോൾ
ചാനൽചർച്ചകളാണ് അകമ്പടി,
രാത്രിവണ്ടി മെല്ലെ
അവസാനസ്റ്റേഷനിൽ എത്താറാകുന്നു,
ഇല്ലാക്കഥകളൊക്കെ പറഞ്ഞുകൊടുത്ത്,
മക്കളെ ഉറക്കിക്കിടത്തി,
അവരറിയാതെ ഊർന്നെണീറ്റ്
ഒരു ദിവസത്തിന്റെ ക്ഷീണങ്ങളത്രയും
അവന്റെ നെഞ്ചിലേക്കിറക്കിവച്ച്
ഉറങ്ങാൻ കിടക്കുമ്പോൾ
പുറത്ത് പിച്ചിപ്പൂ മണംപരക്കുന്നു..
അവന്റെ വിരലുകൾ എന്റെ മുടിയിഴകളിൽ
ഇനിയും വിടരാത്ത
പിച്ചിമൊട്ടുകൾ തിരയുന്നു .
■■■■■■■■■■■■■■■■■■■
No comments:
Post a Comment