Saturday, February 24, 2018

ഒരു ചുവന്ന പുഴ




അവളുടെ കാലിടുക്കുകൾക്കിടയിലൂടെ 
നാളുകളായി ഒരു പുഴയൊഴുകുന്നു,
നനുത്ത  റോസാപൂവിതളുകൾ  
കൊഴിഞ്ഞുവീണ് ചുവന്ന പുഴ,

തടങ്ങളിൽ പൂക്കളെ തലോടിയും 
പുതു നാമ്പുകളെ തൊട്ടുണർത്തിയും, 
അടിത്തട്ടിൽ നോവുന്നൊരു നനവൊളിപ്പിച്ച്, 
ഇരുളുപുതച്ച്,  ആരോരുമറിയാതെ 
നാളുകളായ് ഒരു പുഴ ഒഴുകുന്നു, 


ആദ്യമായ് ഉറവുതെളിഞ്ഞീച്ചെമ്പുഴ -
പുതുവഴിയിലൂടൊഴുകിയിറങ്ങിയതും, 
ഋതുഭേദങ്ങളിൽ, വരണ്ടുണങ്ങിയതും, 
നിറഞ്ഞൊഴുകിക്കുത്തിയൊലിച്ചതും,
അടിയൊഴുക്കിൽ അടിത്തട്ടുകൾ 
ആടിയുലഞ്ഞതും,പിടഞ്ഞതും 

അറിഞ്ഞിരുന്നില്ലമറ്റാരും, അവളൊഴികെ!
 പുഴയുടെ നനവിലവൾ 
പുതിയ തളിരുകൾ വിരിയിച്ചതും 
പുഴയുടെ താരുണ്യം 
അവളുടെ കവിളുകൾ തുടുപ്പിച്ചതും  
പുഴയുടെ നെടുവീർപ്പുകൾ 
അവളിൽ ഓളങ്ങളിളക്കിയതും 

അറിഞ്ഞിരുന്നില്ലമറ്റാരും, അവളൊഴികെ!

പുഴയൊഴുകാത്ത വഴികളിൽ 
പൂക്കൾ വിരിഞ്ഞില്ല, 
പുതുനാമ്പുകൾ തളിർത്തതുമില്ല,
എങ്കിലുമെന്തിനെന്നറിയില്ല,
അവളൊഴുകിയ വഴികളൊക്കെയും 
തെളിനീര് തളിച്ചു ശുദ്ധിവരുത്തി!
തൊട്ടുകൂടാത്ത, തീണ്ടുകൂടാത്ത 
അവളുടെ മാത്രം ഇരുണ്ട പുഴ, 
ഒടുവിലൊരുനാൾ വറ്റിവരണ്ടതും, 
 ഇരുളറകിൽ നഷ്ടബോധത്തിന്റെ 
കനത്ത ശൂന്യത നിറച്ചതും, 
അവളുടെ ചമയക്കൂട്ടിലെ 
കടും നിറങ്ങളിളെ നേർപ്പിച്ചതും,
കൊഴിഞ്ഞുപോയ മാസങ്ങള
നെറ്റിയിൽ മുറയ്ക്കവൾ തൊട്ടുവച്ച   
'അശുദ്ധി'യുടെ കറുത്തപൊട്ടുകൾ, 
നേർത്തുനേർത്ത് കാണാമറയത്തൊളിച്ചതും,

അറിഞ്ഞിരുന്നില്ലാരും, അവളൊഴികെ! 

അവളുടെ കാലിടുക്കുകൾക്കിടയിലൂടെ 
ആരോരുമറിയാതെ പുഴ ഒഴുകട്ടെ, 
നനുത്ത  റോസാപൂവിതളുകൾ  
കൊഴിഞ്ഞുവീണ് ചുവന്ന പുഴ,
അവളുടെ മാത്രം, ചുവന്ന പുഴ, 

Friday, February 23, 2018

വിശപ്പിന്റെ നിയമങ്ങൾ 
**************************
അവനറിയാമായിരുന്നു, 
കാടിന്റെ നിയമങ്ങൾ, 
ആഹാരത്തിനുവേണ്ടി മാത്രം ഒന്നിനെ 
കൊല്ലുന്ന കാട്ടുമൃഗങ്ങളുടെ നിയമം,
ഒരുവനും  എതിരാവാതെ സ്വയം 
വഴിമാറിയൊതുങ്ങി പോകുന്ന കാട്ടുനിയമം, 
കട്ടുമുടിക്കാതെ, കാടുതീണ്ടാതെ 
നട്ടുപിടിപ്പിച്ചുവളർത്തുന്ന   കാട്ടുനിയമം, 
ഇരുളിലൂന്നി നടക്കുവാനല്ലാതൊരു 
കാട്ടുചുള്ളിപോലുമൊടിച്ചുകൂടെന്ന  
കാട്ടുമനുഷ്യന്റെ കാടൻ നിയമം, 

പക്ഷെ, അവനറിയാമായിരുന്നില്ല 
വിശപ്പിന്റെ നിയമങ്ങൾ, 
എരിയുന്ന വയറിന്റെ നിയമപുസ്തകത്തിൽ 
മോഷണം ഒരു കുറ്റമായിരുന്നില്ല, 
വയറു വിളിച്ചതിനു പിന്നാലെയാവും 
അന്യന്റെപാത്രത്തിലേക്കവന്റെ കൈകൾ നീണ്ടതും, 

എന്നാൽ നാട്ടുമൃഗങ്ങളുടെ നിയമങ്ങളിൽ 
അവന്റെ  വിശപ്പുപോലും 
ഒരു ഭീകരമായ കുറ്റമായിരുന്നു 
തച്ചുകൊല്ലാൻ വിധിയെഴുതേണ്ടിയിരുന്ന 
പഴുതുകളില്ലാത്ത ഭീകരമായ കുറ്റം,.....