Monday, June 19, 2017

അയോധ്യ


ഞാൻ അയോധ്യ,
നവകവാടങ്ങൾ മലർക്കെ തുറന്നിട്ട് -
തിരികെ വിളിക്കുന്നിതാ.. (2)
പൊയ്‌പോയൊരൊരീരേഴു
 സംവത്സരങ്ങളെ,
വിസ്മൃതിയിലാണ്ടു
വേരോടി തളിർത്ത -
നേകായിരം ചോദ്യ
കാണ്ഡങ്ങളായെന്നിൽ
പടർന്നു വളർന്നോരെൻ
രാമസാകേതമേ,
തിരികെ വിളിക്കുന്നിതാ..
അഗ്നിപൂകുവാൻ കാത്തു കിടക്കുന്ന
ശുഷ്കകാനനം മാത്രമാണിന്നു ഞാൻ
അർത്ഥമെല്ലാം വെടിഞ്ഞെന്റെ ആത്മാംശം
കൂടുവിട്ടിറങ്ങിപോയിടുമ്പോഴും
പിൻവിളികൾക്കു കാതോർത്തിടാതെ
തെജീവാംശവും പിന്നിലായകലുമ്പോഴും
ദശമഹാജ്ഞാനങ്ങളൊന്നായാനന്തരം
രാജ്യഭാരങ്ങൾ വിട്ടിറങ്ങുമ്പോഴും  
എന്തിനോ പുരുഷാരം വിളിക്കുന്നു 
രാമരാജ്യമെന്നെന്നെ വീണ്ടും വ്യഥാ...
രാമനെവിടെ, ഈ സാകേതഭൂവിന്റെ
അന്തരാത്മാവാം ധര്മസംസ്ഥാപകൻ
സീതയെവിടെ, ഈ ഭൂമിക്കു ജീവനായ്
ദേവിയായി നിറഞ്ഞൊരു സാഫല്യം
ദശരഥനില്ല, ഭരതനുമിലിവിടെ
നെഞ്ചു നീറി കഴിയുന്നു കൗസല്യ,
സരയു മിഴിനീരുവറ്റി കഴിയുന്നു
ഞാനോ മൃതി കാത്ത് ശയ്യയിലുരുകുന്നു
ഇനിയുമേതശ്വമേധയാഗത്തിനാകുമെൻ
രാജ്യഭാരങ്ങൾ ഏറ്റു വാങ്ങീടുവാൻ ?
എങ്കിലും പുരുഷാരം വിളിക്കുന്നു
രാമരാജ്യമെന്നെന്നെ വീണ്ടും വ്യഥാ...

No comments:

Post a Comment