Monday, June 26, 2017

കാലചക്രം

രാവിരുണ്ടതും മറവി
എഴാം ഉലകം വെടിഞ്ഞീവഴി
തിരിക്കതിരിഞ്ഞുനടന്നതും,
എന്നോ നിഴലുപതിനാറായി
പിരിഞ്ഞോരീസാലം തൻ -
ഉയിർവെടിഞ്ഞൊരു ചെറു
വിത്തിൽ ചേക്കേറിയതും
ഉള്ളിലൂറിയ കണ്ണുനീർത്തുള്ളി
ഒഴുകിയിറങ്ങിയീ മൺമെത്തയിൽ
ചെറു നീർത്തടം മെനയുന്നതും,
കാലവും കർണ്ണികാരവും
പതിവ് തെറ്റിക്കുന്നില്ലൊരുനാളും
തനിയാവർത്തനങ്ങളിവിടെ
തിരിഞ്ഞും മറിഞ്ഞും,
ഒളിഞ്ഞും തെളിഞ്ഞും
പിറവികൊള്ളുന്നുണരുന്നു,
ഉയിരേകി മറയുന്നു
ഒരേ ചിത്രങ്ങൾ ഓർമതൻ താളുകളിൽ
മറിച്ചും തിരിച്ചും വായിക്കിലും നിത്യം...

തിരിച്ചറിവ്



കറുപ്പിൽനിന്ന് വെളുപ്പിലേക്കുള്ള ദൂരം
ഒരായുസ്സാണെന്ന് തലമുടി പഠിപ്പിച്ചുതന്നപ്പോൾ
കാഴ്ച്ച മങ്ങിയ കണ്ണുകൾ,കണ്ട കാഴ്ചകളുടെ മനോഹാരിതയോർത്തുകൊണ്ടേയിരുന്നു

വിറയാർന്ന വിരലുകൾ എഴുതപ്പെടാതെ പോയ
വാക്കുകൾകൊണ്ട്  അഗാധമൗനം കുറിച്ചപ്പോൾ ,
ചിതല്പുറ്റുകളായിനിറഞ്ഞ നിന്നോർമ്മകൾ
ചിതയിൽ വീണു വെന്തവരിഞ്ഞുപോയ്..

മണ്ണിനെ തൊട്ടുഴിയാൻ വെമ്പിയകാലടികൾ
വേരുകൾ കീഴിറങ്ങി ചലനം നിലച്ചെങ്കിലും
ഹൃദയത്തുടിപ്പുകൾ വിദൂരതീരങ്ങൾ തേടി
അശ്വവേഗത്തിൽ പാഞ്ഞുകൊണ്ടേയിരുന്നു


സ്നേഹത്തിന്റെ ആലിംഗനം എന്നെന്നേക്കുമായി ചൂടുപകരുമെന്നു തിരിച്ചറിഞ്ഞപ്പോഴേക്കും
ഈ ശരീരം തണുത്തുറഞ്ഞ് ,നിറം കെട്ട്
ഞാൻ ഞാനല്ലതായ് മാറി കഴിഞ്ഞിരുന്നു..

തിരിഞ്ഞുനോക്കുമ്പോൾ തിരിച്ചറിയുന്നു ഞാൻ
തിരുത്തുവാൻ തരമിലിനിയെങ്കിലും
തിരിച്ചറിവുകൾ അനേകമുണ്ടായുസ്സിൽ
വൈകിയെത്തുന്നവ അതിലേറെയും....



Monday, June 19, 2017

അയോധ്യ


ഞാൻ അയോധ്യ,
നവകവാടങ്ങൾ മലർക്കെ തുറന്നിട്ട് -
തിരികെ വിളിക്കുന്നിതാ.. (2)
പൊയ്‌പോയൊരൊരീരേഴു
 സംവത്സരങ്ങളെ,
വിസ്മൃതിയിലാണ്ടു
വേരോടി തളിർത്ത -
നേകായിരം ചോദ്യ
കാണ്ഡങ്ങളായെന്നിൽ
പടർന്നു വളർന്നോരെൻ
രാമസാകേതമേ,
തിരികെ വിളിക്കുന്നിതാ..
അഗ്നിപൂകുവാൻ കാത്തു കിടക്കുന്ന
ശുഷ്കകാനനം മാത്രമാണിന്നു ഞാൻ
അർത്ഥമെല്ലാം വെടിഞ്ഞെന്റെ ആത്മാംശം
കൂടുവിട്ടിറങ്ങിപോയിടുമ്പോഴും
പിൻവിളികൾക്കു കാതോർത്തിടാതെ
തെജീവാംശവും പിന്നിലായകലുമ്പോഴും
ദശമഹാജ്ഞാനങ്ങളൊന്നായാനന്തരം
രാജ്യഭാരങ്ങൾ വിട്ടിറങ്ങുമ്പോഴും  
എന്തിനോ പുരുഷാരം വിളിക്കുന്നു 
രാമരാജ്യമെന്നെന്നെ വീണ്ടും വ്യഥാ...
രാമനെവിടെ, ഈ സാകേതഭൂവിന്റെ
അന്തരാത്മാവാം ധര്മസംസ്ഥാപകൻ
സീതയെവിടെ, ഈ ഭൂമിക്കു ജീവനായ്
ദേവിയായി നിറഞ്ഞൊരു സാഫല്യം
ദശരഥനില്ല, ഭരതനുമിലിവിടെ
നെഞ്ചു നീറി കഴിയുന്നു കൗസല്യ,
സരയു മിഴിനീരുവറ്റി കഴിയുന്നു
ഞാനോ മൃതി കാത്ത് ശയ്യയിലുരുകുന്നു
ഇനിയുമേതശ്വമേധയാഗത്തിനാകുമെൻ
രാജ്യഭാരങ്ങൾ ഏറ്റു വാങ്ങീടുവാൻ ?
എങ്കിലും പുരുഷാരം വിളിക്കുന്നു
രാമരാജ്യമെന്നെന്നെ വീണ്ടും വ്യഥാ...