Saturday, September 9, 2023

വാഗ്ദാനം

 വാഗ്ദാനം

***********

രക്‌തച്ചെമ്പരത്തി-

പ്പൂവിതളിലെ 

അരികുതുന്നാത്ത കിന്നരികൾ,


ശലഭച്ചിറകിലെ

മാഞ്ഞുതുടങ്ങാത്ത 

വർണ്ണചിത്രപ്പണികൾ,


ഇരുണ്ട കാവിലെ

കരിനാഗത്തിന്റെ

കണ്ണിലെ മരതകക്കല്ല്,


മേടവെയിൽ പൊള്ളിച്ച

നീർത്തുള്ളിയിൽ 

ആകാശം കാണാത്ത മഴവില്ല്,


നടന്നുതെളിഞ്ഞ

കാട്ടുവഴിയിലെ

കാൽപെടാത്ത മണ്ണ്,


കാടിന്റെ ഗർഭത്തിലെ

അപരിചിത 

മരഭ്രൂണങ്ങളുടെ ഇലത്താളം,


ഊറ്റുവെള്ളം

ഒളിച്ചു കടത്തുന്ന

ഭൂമിയുടെ മാറിലെ ചൂട്,


ആകാശം കരയുമ്പോൾ

ആദ്യം കൊഴിയുന്ന

വിഷാദം പേറുന്ന മഴത്തുള്ളി,


ഇവയൊക്കെ തരാമെന്ന് മോഹിപ്പിച്ച്   

കൂട്ടികൊണ്ടുവന്നതാണെന്നെയും,

മാറ്റാരുമല്ല!ഈ കവിത തന്നെ!


അനുജാഗണേഷ്


കലാപൂർണ്ണ മാസിക

സെപ്റ്റംബർ 2023