Wednesday, August 2, 2017

അയക്കോലിലെ കാക്കകൾ
*******************

ഒത്തുകൂടുന്നുണ്ടെന്തിനോ
മുറ്റത്തെ അയക്കോലിൽ
ബഹുവർണ്ണക്കാക്കകളേറെ
കലപിലകോലാഹലക്കാക്കകളേറെ  ,

എണ്ണം പറയുകിലുണ്ടവർ
നൂറ്റിനാല്പത്തിയൊന്നുപേർ *
വർണ്ണങ്ങൾ പലതെന്നാകിലും
തങ്ങളിൽ ചേർന്നുപോം തൻതരക്കാർ

വെളുപ്പുണ്ട്, ചുവപ്പുണ്ട്
കാവിയും,   പച്ചയുമുണ്ട്
അറിയാനിറങ്ങളും പിന്നതിൽ
പിരിവുകളുമേറെയുണ്ട്

അയക്കോലിൻ കീഴിരിക്കും
അണികളോ കറുത്തോർ മാത്രം
നിറങ്ങൾ നോക്കി നെടുവീർപ്പിടും
ചിലരെന്തിനോ രക്തം തിളപ്പിക്കും,

അയക്കോലിൽ നിത്യമേതോ
വൻകാര്യം നടക്കയാണോ
വൻകാര്യം തന്നെയോ
അതോ  തൻകാര്യം മാത്രമോ ?

ചുവന്നൊനൊരു വെളുത്തോനെ
ചെറുതായൊന്നുന്തി നോക്കി
ഇതുകണ്ട പച്ചകാക്ക
ചുവന്നോന്റെ തലവെട്ടി

തലപോയ ചുവന്നോനാ
വെളുത്തോന്റണിയെ കുത്തി
അണിപോയി അടുത്തോന്റെ
കൂടടക്കം തീയെരിച്ചു

കൂടുപോയ കാവിക്കൂട്ടം
നാടെരിക്കാൻ കൂട്ടുചേർന്നു
കത്തിയെരിയുന്നു, കരച്ചിലുയരുന്നു
നാടെങ്ങും പട്ടടയൊരുങ്ങുന്നു

കരച്ചിലുകൾ തുടക്കാനായി
ബഹുവർണ്ണ കൈലേസുകളും
കരഞ്ഞതിൻ കൂലിയായി
ബഹുമൂല്യ നാണയത്തുട്ടുകളും

ഒരുദിനം പറക്കാതെ
ദുഖമാചരിക്കാം നമ്മൾ
ചത്ത കാക്കതന്റെ തൂവൽ
കൊടിത്തുമ്പിൽ തുന്നിവെയ്ക്കാം

അയക്കോലിൽ വീണ്ടും
ഒത്തുകൂടുന്നു ബഹുവർണ്ണകാക്കകൾ
ചുവപ്പനോ  നിറം മാറി
വെളുപ്പന്റെയൊപ്പം കൂടി

പച്ചയും കാവിയും തമ്മിൽ
സംബന്ധമൊന്നുറപ്പിച്ചു
ചാത്തോന്റെ കൂട്ടിൽ മാത്രം
കുഞ്ഞു വയറുകളെരിയുന്നു

ചാത്തോന്റെ കൂട്ടിൽ മാത്രം
പെൺകിളികൾ കരയുന്നു
അയക്കോലിലെന്തോ ഇന്ന്
പതിവിലേറെ ആനന്ദം



(*കേരളാ നിയമസഭാംഗങ്ങൾ 140+1)