Monday, July 2, 2018

അഭയാർത്ഥി
--------------------
എന്റെ പ്രണയസൗധസങ്കേതങ്ങളും,
സ്നേഹമൂട്ടിയുറപ്പിച്ച ബന്ധനങ്ങളും,
കാമംകവിഞ്ഞൊഴുകി തളിർത്ത കാടുകളും,
സൂചിക്കുത്തുകളായി ഹൃദയത്തിലാഴ്ന്നിറങ്ങിയ നോവുകളും,
ഏകാന്തത പുതച്ചു  നിശ്ചലം
ശയിക്കുന്നയൊരീ ദേഹവും,
ഇവിടെ ഉപേക്ഷിക്കുന്നു,
അഭയാർത്ഥിയായി ഞാൻ വിടവാങ്ങുന്നു,

ഞാൻ മരമായി നിന്നിൽ തണൽ വിരിക്കുവാൻ വന്നപ്പോഴൊക്കെ,
നീ മഴുവായ് എന്റെ തായ്ത്തടി അരിഞ്ഞു നിലത്തിട്ടു,
എന്റെ ചില്ലകളിൽ കൂടുകൂട്ടിയിരുന്ന സ്വപ്‌നങ്ങൾ
തകർന്നുടഞ്ഞു അഴുകി മണ്മറഞ്ഞു,
രാധയായും, സീതയായും,
നിന്റെ പ്രണയം തേടി ഞാൻ വന്നു,
ഒഴിഞ്ഞ പിച്ചളപ്പാത്രങ്ങൾ
ഹൃദയമെന്ന് ചൊല്ലി നീ എന്റെ കൈകളിൽ തന്നു,
എന്റെ നീരുറവകൾ നിനക്കുവേണ്ടി നിലക്കാതെ ഒഴികിയപ്പോൾ,
നീ വരാനിരിക്കുന്ന വർഷത്തിന്റെ കുളിർ തേടി അകന്നുപോയി,

മഴക്കാറ് ഗർജ്ജിക്കുന്ന വാനിലേക്ക്
അദൃശ്യയായ ഒരു പക്ഷിയെ പോലെ,
ചിറകടിച്ചു പറന്നുയരട്ടെ ഞാൻ,
പ്രണയിക്കുന്നവരെ വംശഹത്യക്കിരയാക്കുന്ന
ഉള്ളു പൊള്ളയായ ഈ ലോകം വെടിഞ്ഞ്,
ഒരഭയാർത്ഥിയെ പോലെ,
(അനുജ ഗണേഷ് )


Friday, June 15, 2018

വാതിൽ

വാതിൽ
********

മൃതിയെന്നാൽ അവസാനമാകുന്നില്ലലോ
അതൊരു വാതിൽ മാത്രമാണ്,
ഇരുമുറികളിലായ് നമ്മെ ഒറ്റപ്പെടുത്തുന്ന
നമുക്കിടയിലെ അടഞ്ഞ വാതിൽ
വാതിലിനിരുപുറം നീ നീയും , ഞാൻ ഞാനുമാണ്
നമുക്കൊരേ ഓർമ്മകളാണ്,

കൊഴിഞ്ഞു പോയ നാളുകളും
കരഞ്ഞു തീർത്ത നോവുകളും
നെയ്തു കാത്തുവച്ച സ്വപ്നങ്ങളും
നമുക്കിന്നും ഒരുപോലെയാണ്

പൊട്ടിച്ചിരികളായിരം വിരിഞ്ഞു കൊഴിഞ്ഞ
നിന്റെ ചൊടിയിലെ മൗനം
എന്റെ തടവറയിലെ  ഇരുട്ട് കൊഴുപ്പിക്കുന്നു
തേങ്ങി കരയുന്ന നിന്റെ നിശ്വാസത്തിന്റെ
താപം
ഈ തടവറയിൽ വരണ്ട കാറ്റായ് വീശുന്നു

അടഞ്ഞ മുറികളിൽ ഒരേ മനസ്സുമായ്
ഇനിയുമേറെ കാത്തിരിക്കാം നാം
മൃതിയുടെ വാതിൽ നമുക്കിടയിൽ ഒരുനാൾ തുറക്കപ്പെടും
ഈ ഒറ്റമുറിയിൽ നാം വീണ്ടും ഒന്നിച്ചു ചേരുവാൻ..

Friday, March 16, 2018

മിണ്ടാചെണ്ടകൾ
*****************
എന്തിനായി മിണ്ടി നീ ചെണ്ടേ ?
മിണ്ടുവാൻ ചൊന്നതില്ലല്ലോ ?

മണ്ടയിൽ തല്ലുകൊണ്ടിട്ടാ,
എന്റെ മണ്ടയിൽ കോലു തൊട്ടിട്ടാ,

മണ്ടയിൽ തല്ലുകൊണ്ടാലും
മിണ്ടാവതുണ്ടോ നീ ചെണ്ടേ ?

മണ്ടയിൽ കോലിട്ടടിച്ചാൽ
മിണ്ടാതിരിക്കുവാനാമോ ?

മിണ്ടാത്തചെണ്ടകളുണ്ട്
ഞാൻ കണ്ടതുണ്ടേറെയെൻ നാട്ടിൽ

തച്ചാലും മിണ്ടാത്ത ചെണ്ടയോ ?
ഞാൻ കണ്ടതില്ലിന്നോളമെങ്ങും

'ബാങ്ക് ' എന്നൊരൊമനപ്പേരിൽ
ഉണ്ടിടങ്ങൾ നാടുനീളെ
കണ്ടതുണ്ടതിനുള്ളിലായ് ഞാൻ
മിണ്ടാത്ത ചെണ്ടകളേറെ,

എങ്കിലവിടൊന്നു  പോണം
ചെണ്ടവർഗത്തിനെ പോലും
നാണം കെടുത്തുന്നവരെ
നേരിലെനിക്കൊന്നു കാണാൻ..

(അനുജ ഗണേഷ് )

Saturday, February 24, 2018

ഒരു ചുവന്ന പുഴ




അവളുടെ കാലിടുക്കുകൾക്കിടയിലൂടെ 
നാളുകളായി ഒരു പുഴയൊഴുകുന്നു,
നനുത്ത  റോസാപൂവിതളുകൾ  
കൊഴിഞ്ഞുവീണ് ചുവന്ന പുഴ,

തടങ്ങളിൽ പൂക്കളെ തലോടിയും 
പുതു നാമ്പുകളെ തൊട്ടുണർത്തിയും, 
അടിത്തട്ടിൽ നോവുന്നൊരു നനവൊളിപ്പിച്ച്, 
ഇരുളുപുതച്ച്,  ആരോരുമറിയാതെ 
നാളുകളായ് ഒരു പുഴ ഒഴുകുന്നു, 


ആദ്യമായ് ഉറവുതെളിഞ്ഞീച്ചെമ്പുഴ -
പുതുവഴിയിലൂടൊഴുകിയിറങ്ങിയതും, 
ഋതുഭേദങ്ങളിൽ, വരണ്ടുണങ്ങിയതും, 
നിറഞ്ഞൊഴുകിക്കുത്തിയൊലിച്ചതും,
അടിയൊഴുക്കിൽ അടിത്തട്ടുകൾ 
ആടിയുലഞ്ഞതും,പിടഞ്ഞതും 

അറിഞ്ഞിരുന്നില്ലമറ്റാരും, അവളൊഴികെ!
 പുഴയുടെ നനവിലവൾ 
പുതിയ തളിരുകൾ വിരിയിച്ചതും 
പുഴയുടെ താരുണ്യം 
അവളുടെ കവിളുകൾ തുടുപ്പിച്ചതും  
പുഴയുടെ നെടുവീർപ്പുകൾ 
അവളിൽ ഓളങ്ങളിളക്കിയതും 

അറിഞ്ഞിരുന്നില്ലമറ്റാരും, അവളൊഴികെ!

പുഴയൊഴുകാത്ത വഴികളിൽ 
പൂക്കൾ വിരിഞ്ഞില്ല, 
പുതുനാമ്പുകൾ തളിർത്തതുമില്ല,
എങ്കിലുമെന്തിനെന്നറിയില്ല,
അവളൊഴുകിയ വഴികളൊക്കെയും 
തെളിനീര് തളിച്ചു ശുദ്ധിവരുത്തി!
തൊട്ടുകൂടാത്ത, തീണ്ടുകൂടാത്ത 
അവളുടെ മാത്രം ഇരുണ്ട പുഴ, 
ഒടുവിലൊരുനാൾ വറ്റിവരണ്ടതും, 
 ഇരുളറകിൽ നഷ്ടബോധത്തിന്റെ 
കനത്ത ശൂന്യത നിറച്ചതും, 
അവളുടെ ചമയക്കൂട്ടിലെ 
കടും നിറങ്ങളിളെ നേർപ്പിച്ചതും,
കൊഴിഞ്ഞുപോയ മാസങ്ങള
നെറ്റിയിൽ മുറയ്ക്കവൾ തൊട്ടുവച്ച   
'അശുദ്ധി'യുടെ കറുത്തപൊട്ടുകൾ, 
നേർത്തുനേർത്ത് കാണാമറയത്തൊളിച്ചതും,

അറിഞ്ഞിരുന്നില്ലാരും, അവളൊഴികെ! 

അവളുടെ കാലിടുക്കുകൾക്കിടയിലൂടെ 
ആരോരുമറിയാതെ പുഴ ഒഴുകട്ടെ, 
നനുത്ത  റോസാപൂവിതളുകൾ  
കൊഴിഞ്ഞുവീണ് ചുവന്ന പുഴ,
അവളുടെ മാത്രം, ചുവന്ന പുഴ, 

Friday, February 23, 2018

വിശപ്പിന്റെ നിയമങ്ങൾ 
**************************
അവനറിയാമായിരുന്നു, 
കാടിന്റെ നിയമങ്ങൾ, 
ആഹാരത്തിനുവേണ്ടി മാത്രം ഒന്നിനെ 
കൊല്ലുന്ന കാട്ടുമൃഗങ്ങളുടെ നിയമം,
ഒരുവനും  എതിരാവാതെ സ്വയം 
വഴിമാറിയൊതുങ്ങി പോകുന്ന കാട്ടുനിയമം, 
കട്ടുമുടിക്കാതെ, കാടുതീണ്ടാതെ 
നട്ടുപിടിപ്പിച്ചുവളർത്തുന്ന   കാട്ടുനിയമം, 
ഇരുളിലൂന്നി നടക്കുവാനല്ലാതൊരു 
കാട്ടുചുള്ളിപോലുമൊടിച്ചുകൂടെന്ന  
കാട്ടുമനുഷ്യന്റെ കാടൻ നിയമം, 

പക്ഷെ, അവനറിയാമായിരുന്നില്ല 
വിശപ്പിന്റെ നിയമങ്ങൾ, 
എരിയുന്ന വയറിന്റെ നിയമപുസ്തകത്തിൽ 
മോഷണം ഒരു കുറ്റമായിരുന്നില്ല, 
വയറു വിളിച്ചതിനു പിന്നാലെയാവും 
അന്യന്റെപാത്രത്തിലേക്കവന്റെ കൈകൾ നീണ്ടതും, 

എന്നാൽ നാട്ടുമൃഗങ്ങളുടെ നിയമങ്ങളിൽ 
അവന്റെ  വിശപ്പുപോലും 
ഒരു ഭീകരമായ കുറ്റമായിരുന്നു 
തച്ചുകൊല്ലാൻ വിധിയെഴുതേണ്ടിയിരുന്ന 
പഴുതുകളില്ലാത്ത ഭീകരമായ കുറ്റം,..... 

Friday, October 6, 2017

പെണ്ണിരകൾ വാഴുവാൻ 
**************************

കമലലോലമിരുകരങ്ങൾ മതിയാമോ 
വരുംതലമുറപെൺജൻമക്കൾക്കിവിടെ വാഴുവാൻ, 
ഇരുമ്പുദണ്ഡിനെക്കാളുറപ്പുവേണമതു കൾക്കത്രെ 
നരാധമന്മാരെ ജയിച്ചോരോ ദിനം താണ്ടാൻ, 
കരിമുകിൽ നിറച്ചാർത്തുകളെഴുതും ചാരു 
നയനങ്ങൾ അംഗമാസകലമുണ്ടാകിലും 
ഇരുളിൻ ചതിക്കുഴികളിൽ കളിയാടും 
നിഴൽകൂത്തുകളറിയുവതെങ്ങനെനിൻമനക്കണ്ണിനാലല്ലാതെ,
കേൾക്കണമെത്രയോ യുഗങ്ങൾ പ്രതിധ്വനികൊണ്ട 
നിൻ തേങ്ങലുകളായിരം ഓരോ മധുരസ്വരത്തിനിടയിലും, 
പുതുവഴികളിലതിൻ ഓർമ്മചിത്രങ്ങൾ 
മായാതിരിക്കണം മനസ്സിൽ, 

അശ്വങ്ങൾഈരഞ്ചുമുണ്ടായിരിക്കണം 
മയിൽപേട പോലെയാടും നിൻ കാലുകളിൽ, 
നന്മതൻ വിദൂരതയെത്തിപ്പിടിക്കുവാൻ 
തിന്മയെ പിൻകാലിനാൽ ചവിട്ടിത്തെറിപ്പിക്കാൻ 
കാറ്റിൽ രാസോല്ലാസമാടികളിക്കുമീ
നീളൻ മുടിയിഴകുത്തിപ്പിടിക്കുവാൻ 
ഏതഞ്ചു വിരലുകൾ മുതിരുന്നുവോ 
അവൻ തൻ 
 തലയറുക്കാൻ പെണ്ണേ വാളെടുക്കൂ നീയും 
ചിലപ്പതികാരങ്ങളെത്രയോ പിറവികൊള്ളാ-
 നിരിക്കുന്നിനിയും പെൺമനകരുത്തിൽ 
ബലപുഷ്ടങ്ങളാം അംഗാന്തരങ്ങളാൽ 
ഉടലെടുക്കുന്നുണ്ടിവിടെ അനുദിനം പെൺകളായിരം, 
പെണ്ണേ, പിറക്കാനിരിക്കും യുഗങ്ങളിൽ 
അറിയപ്പെടില്ല നീ നിന്നുടലഴകിനാൽ 
അറിയുന്നതത്രയും ലോകം നിന്നെ 
നിൻ കരളുറപ്പിൻ കഥകളിലൂടെ മാത്രം 

Wednesday, August 2, 2017

അയക്കോലിലെ കാക്കകൾ
*******************

ഒത്തുകൂടുന്നുണ്ടെന്തിനോ
മുറ്റത്തെ അയക്കോലിൽ
ബഹുവർണ്ണക്കാക്കകളേറെ
കലപിലകോലാഹലക്കാക്കകളേറെ  ,

എണ്ണം പറയുകിലുണ്ടവർ
നൂറ്റിനാല്പത്തിയൊന്നുപേർ *
വർണ്ണങ്ങൾ പലതെന്നാകിലും
തങ്ങളിൽ ചേർന്നുപോം തൻതരക്കാർ

വെളുപ്പുണ്ട്, ചുവപ്പുണ്ട്
കാവിയും,   പച്ചയുമുണ്ട്
അറിയാനിറങ്ങളും പിന്നതിൽ
പിരിവുകളുമേറെയുണ്ട്

അയക്കോലിൻ കീഴിരിക്കും
അണികളോ കറുത്തോർ മാത്രം
നിറങ്ങൾ നോക്കി നെടുവീർപ്പിടും
ചിലരെന്തിനോ രക്തം തിളപ്പിക്കും,

അയക്കോലിൽ നിത്യമേതോ
വൻകാര്യം നടക്കയാണോ
വൻകാര്യം തന്നെയോ
അതോ  തൻകാര്യം മാത്രമോ ?

ചുവന്നൊനൊരു വെളുത്തോനെ
ചെറുതായൊന്നുന്തി നോക്കി
ഇതുകണ്ട പച്ചകാക്ക
ചുവന്നോന്റെ തലവെട്ടി

തലപോയ ചുവന്നോനാ
വെളുത്തോന്റണിയെ കുത്തി
അണിപോയി അടുത്തോന്റെ
കൂടടക്കം തീയെരിച്ചു

കൂടുപോയ കാവിക്കൂട്ടം
നാടെരിക്കാൻ കൂട്ടുചേർന്നു
കത്തിയെരിയുന്നു, കരച്ചിലുയരുന്നു
നാടെങ്ങും പട്ടടയൊരുങ്ങുന്നു

കരച്ചിലുകൾ തുടക്കാനായി
ബഹുവർണ്ണ കൈലേസുകളും
കരഞ്ഞതിൻ കൂലിയായി
ബഹുമൂല്യ നാണയത്തുട്ടുകളും

ഒരുദിനം പറക്കാതെ
ദുഖമാചരിക്കാം നമ്മൾ
ചത്ത കാക്കതന്റെ തൂവൽ
കൊടിത്തുമ്പിൽ തുന്നിവെയ്ക്കാം

അയക്കോലിൽ വീണ്ടും
ഒത്തുകൂടുന്നു ബഹുവർണ്ണകാക്കകൾ
ചുവപ്പനോ  നിറം മാറി
വെളുപ്പന്റെയൊപ്പം കൂടി

പച്ചയും കാവിയും തമ്മിൽ
സംബന്ധമൊന്നുറപ്പിച്ചു
ചാത്തോന്റെ കൂട്ടിൽ മാത്രം
കുഞ്ഞു വയറുകളെരിയുന്നു

ചാത്തോന്റെ കൂട്ടിൽ മാത്രം
പെൺകിളികൾ കരയുന്നു
അയക്കോലിലെന്തോ ഇന്ന്
പതിവിലേറെ ആനന്ദം



(*കേരളാ നിയമസഭാംഗങ്ങൾ 140+1)

Monday, June 26, 2017

കാലചക്രം

രാവിരുണ്ടതും മറവി
എഴാം ഉലകം വെടിഞ്ഞീവഴി
തിരിക്കതിരിഞ്ഞുനടന്നതും,
എന്നോ നിഴലുപതിനാറായി
പിരിഞ്ഞോരീസാലം തൻ -
ഉയിർവെടിഞ്ഞൊരു ചെറു
വിത്തിൽ ചേക്കേറിയതും
ഉള്ളിലൂറിയ കണ്ണുനീർത്തുള്ളി
ഒഴുകിയിറങ്ങിയീ മൺമെത്തയിൽ
ചെറു നീർത്തടം മെനയുന്നതും,
കാലവും കർണ്ണികാരവും
പതിവ് തെറ്റിക്കുന്നില്ലൊരുനാളും
തനിയാവർത്തനങ്ങളിവിടെ
തിരിഞ്ഞും മറിഞ്ഞും,
ഒളിഞ്ഞും തെളിഞ്ഞും
പിറവികൊള്ളുന്നുണരുന്നു,
ഉയിരേകി മറയുന്നു
ഒരേ ചിത്രങ്ങൾ ഓർമതൻ താളുകളിൽ
മറിച്ചും തിരിച്ചും വായിക്കിലും നിത്യം...

തിരിച്ചറിവ്



കറുപ്പിൽനിന്ന് വെളുപ്പിലേക്കുള്ള ദൂരം
ഒരായുസ്സാണെന്ന് തലമുടി പഠിപ്പിച്ചുതന്നപ്പോൾ
കാഴ്ച്ച മങ്ങിയ കണ്ണുകൾ,കണ്ട കാഴ്ചകളുടെ മനോഹാരിതയോർത്തുകൊണ്ടേയിരുന്നു

വിറയാർന്ന വിരലുകൾ എഴുതപ്പെടാതെ പോയ
വാക്കുകൾകൊണ്ട്  അഗാധമൗനം കുറിച്ചപ്പോൾ ,
ചിതല്പുറ്റുകളായിനിറഞ്ഞ നിന്നോർമ്മകൾ
ചിതയിൽ വീണു വെന്തവരിഞ്ഞുപോയ്..

മണ്ണിനെ തൊട്ടുഴിയാൻ വെമ്പിയകാലടികൾ
വേരുകൾ കീഴിറങ്ങി ചലനം നിലച്ചെങ്കിലും
ഹൃദയത്തുടിപ്പുകൾ വിദൂരതീരങ്ങൾ തേടി
അശ്വവേഗത്തിൽ പാഞ്ഞുകൊണ്ടേയിരുന്നു


സ്നേഹത്തിന്റെ ആലിംഗനം എന്നെന്നേക്കുമായി ചൂടുപകരുമെന്നു തിരിച്ചറിഞ്ഞപ്പോഴേക്കും
ഈ ശരീരം തണുത്തുറഞ്ഞ് ,നിറം കെട്ട്
ഞാൻ ഞാനല്ലതായ് മാറി കഴിഞ്ഞിരുന്നു..

തിരിഞ്ഞുനോക്കുമ്പോൾ തിരിച്ചറിയുന്നു ഞാൻ
തിരുത്തുവാൻ തരമിലിനിയെങ്കിലും
തിരിച്ചറിവുകൾ അനേകമുണ്ടായുസ്സിൽ
വൈകിയെത്തുന്നവ അതിലേറെയും....



Monday, June 19, 2017

അയോധ്യ


ഞാൻ അയോധ്യ,
നവകവാടങ്ങൾ മലർക്കെ തുറന്നിട്ട് -
തിരികെ വിളിക്കുന്നിതാ.. (2)
പൊയ്‌പോയൊരൊരീരേഴു
 സംവത്സരങ്ങളെ,
വിസ്മൃതിയിലാണ്ടു
വേരോടി തളിർത്ത -
നേകായിരം ചോദ്യ
കാണ്ഡങ്ങളായെന്നിൽ
പടർന്നു വളർന്നോരെൻ
രാമസാകേതമേ,
തിരികെ വിളിക്കുന്നിതാ..
അഗ്നിപൂകുവാൻ കാത്തു കിടക്കുന്ന
ശുഷ്കകാനനം മാത്രമാണിന്നു ഞാൻ
അർത്ഥമെല്ലാം വെടിഞ്ഞെന്റെ ആത്മാംശം
കൂടുവിട്ടിറങ്ങിപോയിടുമ്പോഴും
പിൻവിളികൾക്കു കാതോർത്തിടാതെ
തെജീവാംശവും പിന്നിലായകലുമ്പോഴും
ദശമഹാജ്ഞാനങ്ങളൊന്നായാനന്തരം
രാജ്യഭാരങ്ങൾ വിട്ടിറങ്ങുമ്പോഴും  
എന്തിനോ പുരുഷാരം വിളിക്കുന്നു 
രാമരാജ്യമെന്നെന്നെ വീണ്ടും വ്യഥാ...
രാമനെവിടെ, ഈ സാകേതഭൂവിന്റെ
അന്തരാത്മാവാം ധര്മസംസ്ഥാപകൻ
സീതയെവിടെ, ഈ ഭൂമിക്കു ജീവനായ്
ദേവിയായി നിറഞ്ഞൊരു സാഫല്യം
ദശരഥനില്ല, ഭരതനുമിലിവിടെ
നെഞ്ചു നീറി കഴിയുന്നു കൗസല്യ,
സരയു മിഴിനീരുവറ്റി കഴിയുന്നു
ഞാനോ മൃതി കാത്ത് ശയ്യയിലുരുകുന്നു
ഇനിയുമേതശ്വമേധയാഗത്തിനാകുമെൻ
രാജ്യഭാരങ്ങൾ ഏറ്റു വാങ്ങീടുവാൻ ?
എങ്കിലും പുരുഷാരം വിളിക്കുന്നു
രാമരാജ്യമെന്നെന്നെ വീണ്ടും വ്യഥാ...

Thursday, March 12, 2015



ജനിമരണങ്ങൾക്കിടയിലൂടൊരു നൂൽപ്പാലം,
ആടിയും ഉലഞ്ഞും നടന്നപ്പുറമെത്താനിനിയെത്ര കാതം!

Wednesday, March 11, 2015

കാക്കയും ഞാനും



ബാല്യമേ,
നീ കാക്കക്കൂട്ടിൽ ഒളിപ്പിച്ചതൊക്കെയും തേടിയലഞ്ഞു
ഞാനൊരായുസ്സുമുഴുവനും,

ഒടുവിലീ മണൽതീരങ്ങളിൽ
പുനർബാല്യം തേടുമൊരു ബലികാക്കയായ്‌ മാറി ഞാനും 

Tuesday, March 10, 2015

കവി




എഴുതപ്പെടാത്ത ആത്മാക്കൾ,
മഷി കട്ടപിടിച്ചൊരു പേന,
വറ്റിവരണ്ടൊരു ഹൃദയം
കവിയെന്നൊരു പേരും...

Monday, March 9, 2015

പാഞ്ചജന്യം





മരണഗന്ധം നിറയുമീയൊഴിഞ്ഞ
 ശംഖിൽ ഇരമ്പുന്നതാരുടെ
 പുനർജ്ജന്മപ്രതീക്ഷകൾ?

Monday, February 23, 2015

ഓർമ്മമരം




ഇലകളോരോന്നായ്‌ കൊഴിയുകയാണു
കരിയിലകളുടെ ഇരുൾ മൂടിയ താഴ്‌വര തേടി
അവർ നീണ്ട യാത്ര പോകുകയാണു
താഴ്‌വരയിൽ ഒരു നീർ പൊയ്ക,
പൊയ്കയിൽ തെളിയുന്നൊരു മുഖം


തെളിനീരിൽ കറുത്തടിഞ്ഞ ശിശിരങ്ങൾ
എത്രയെത്ര ശിശിരങ്ങൾ,
വർഷങ്ങൾ,പുണ്യപാപങ്ങൾ

പൊയ്കക്കരികിൽ ഒരു പുനർബാല്യം
കളിയോടങ്ങൾ പണിയുന്നു
മടക്കമില്ലാത്ത യാത്രക്ക്‌
ഇനി ഞാൻ തയ്യാറാകണം വൈകാതെ.....

Saturday, February 21, 2015



ഏതൊരദൃശ്യകരങ്ങൾ കൊണ്ടാണെൻ
ഉറങ്ങാൻ മറന്ന മിഴികളെ
നീയമർത്തി തിരുമ്മി കരുവാളിപ്പിച്ചതും
ഇരുട്ടിലെന്നും കെട്ടിപ്പുണർന്നെൻ
നെഞ്ചിൻ മിടിപ്പു പോലും നിലപ്പിച്ചതും




Thursday, February 12, 2015

പ്രതിബിംബം

പ്രതിബിംബം

എന്റെ നിലക്കണ്ണാടി
എന്റെ രൂപം തെളിയാത്ത നിലക്കണ്ണാടി,
എന്നെ കളിയാക്കി
ഉറക്കെ ചിരിക്കുന്ന കണ്ണാടി,

എന്നെ ഞാൻ അല്ലാതെയാക്കിയ
തിരഞ്ഞെടുപ്പുകൾ
എന്റെ പ്രതിബിംബം നോക്കി നെടുവീപ്പിടു മ്പോൾ
നിലക്കണ്ണാടി ചിരിക്കുന്നു,

ഈ വിളറിയ ചുണ്ടുകളിൽ
സ്വപ്നങ്ങൾ എത്തി നോക്കുന്ന
മഷി പടർന്ന കണ്ണുകളിൽ,
എനിക്കെന്നെ എ ന്നോ നഷ്ടപ്പെട്ടുകഴിഞ്ഞു,

എന്നെ നോക്കി ചിരിക്കുന്ന
ഈ മുഘം എന്റേതല്ല
എന്റെ നഷ്ടപ്പെട്ട നിഷ്കളങ്കത യുടെ,
മനസ്സിന്റെ,
 മങ്ങിയ പ്രതിബിംബം മാത്രം,

ഇതു ഞാനല്ല,
എന്റെ മുഘമല്ല,
എന്റെ സ്വപ്നങ്ങളല്ല
എന്റെ ലോകമല്ല

Monday, February 2, 2015

പാമ്പ്‌ ഉറയൂരുന്നതുപോലെ, മനുഷ്യൻ ഇടയ്ക്കിടെ ജീവസ്സറ്റ പഴയ ബന്ധങ്ങൾ ഉപേക്ഷിച്ചു പുതിയവയിലേക്ക്‌    ചേക്കേറാൻ കൊതിക്കും. സ്നേഹം എന്ന അവയവം തഴമ്പിച്ചും തേഞ്ഞും ചൈതന്യമറ്റതാവുമ്പോൾ അതിൽ വീണ്ടും വീര്യം കയറ്റി ചൂടും ചൊടിയുമുണ്ടാക്കാൻ.പുതുജീവൻ നൽകാനൊ പുനർജ്ജന്മം നൽകാനോ കെൽപ്പില്ലാത്ത നാം ദിനം തോറും നൂറു നൂറു പുതു സ്വപ്നങ്ങളെ പെറ്റ്‌ വലിച്ചെറിയുന്നു..അവറ്റകൾ അനാധരായി അലഞ്ഞുതിരിയുന്നു..

എനിക്കു തീവ്രമായി അനുഭവപ്പെടാത്ത ഒന്നിൽ നിന്ന് വീര്യമുണർത്താൻ ഞാൻ അശക്തയാണു. ജീവിതതിന്റെ മൗലികമായ തീക്ഷ്ണതയിൽ നിന്നും ചൈതന്യം സൃഷ്ടിച്ച്‌ വിളർപ്പേറിയ സ്വപ്നങ്ങൾക്ക്‌ പുതിയ വർണ്ണച്ചിറകുകൾ തുന്നിക്കൊടുക്കാൻ നമുക്കാകണം.
നമ്മിൽ സ്വാതന്ത്ര്യമുണർത്തിയ സ്വപ്നങ്ങളും പ്രതീക്ഷകളും അസ്തമിച്ചുകൊണ്ടിരിക്കുമ്പോൾ ജീവിതതിരക്ക്‌ അസഹ്യമാംവിധം വർദ്ധിച്ചുകൊണ്ടിരിക്കുമ്പോൾ, പുതിയ ദിനങ്ങളിൽ മോഹഭംഗങ്ങളുടെ കറുപ്പ്‌ നിറയാതിരിക്കാൻ എല്ലാ ഹൃദയങ്ങളിലും പ്രണയം മരിക്കാതിരിക്കട്ടെ.....
ഒരായിരം സംസ്കാരങ്ങളെ വിഴുങ്ങിയിട്ടും വിശപ്പടങ്ങാത്ത കടലുകൾ...
കണ്ണുനീരും രക്തവും ഒരുപോലെ അലിഞ്ഞില്ലാതാകുന്ന ഉപ്പു വെള്ളത്തിന്റെ ആഴങ്ങളിൽ ആരും അറിയാത്ത എത്രയെത്ര മഹാഭാരതങ്ങൾ ഉറങ്ങുന്നുണ്ടാകും??

പ്രളയങ്ങൾ ചൂഴ്‌ന്നെടുത്ത നമ്മുടെ വേരുകൾ എത്രയെത്ര ഈ ആഴങ്ങളിൽ അഴുകി തീർന്നിരിക്കും?? എത്രയെത്ര അറിയാത്ത തീരങ്ങളിൽ അടിഞ്ഞിരിക്കും!??..

ചില വേർപ്പാടുകൾ

ആഴമുള്ള മുറിവുകളിൽ ആദ്യം വെറും മരവിപ്പാണു. പോകെ പോകെ അവ വിങ്ങിവിങ്ങി താങ്ങാനാവാത്ത നോവാകുന്നു.ചിലരുടെ വേർപാടുകൾ അങ്ങനെയാണു. പകലും രാവും പ്രകൃതിയും നീയും ഞാനും ആരും അറിയാതെ ചിലർ നമ്മെ വിട്ടുപോകുന്നു.ഒരു തുള്ളി മിഴിനീർ പോലും അവർക്ക്‌ വേണ്ടി പൊഴിക്കാനാവുന്നില്ല.

 മരണത്തിന്റെ കറുപ്പ്‌ പുറത്തുമാത്രം, മനസ്സിന്റെ ഉള്ളു നിറയെ അവരുടെ പുഞ്ചിരി നിറക്കുന്ന വെട്ടമാണു. ഒരു തേങ്ങലായി നെഞ്ചിൽ എന്നും നിറയുന്ന പുഞ്ചിരി....

ഒരു ജീവിതം മുഴുവൻ ഒപ്പം കൈ പിടിച്ചു കൂടെ നടന്നവർ ഒരു ദിവസത്തിനൊടുവിൽ കൂടെ ഇല്ലാതാവുമ്പോൾ, ആ ശൂന്യത നിറക്കാൻ മറ്റൊന്നിനുമാവില്ല. ചെയ്തു തീർക്കാൻ ഇനിയും ധാരാളം ശേഷിക്കവെ ആ  ആത്മാവിനു നമ്മോടൊപ്പം നിൽക്കതിരിക്കാൻ ആവില്ല..ആത്മാവു ശേഷിപ്പിച്ച് ശരീരം മാത്രം യാത്രയാകുന്ന ചില  വേർപ്പാടുകൾ..ഒരിക്കലും മനസ്സിൽ മരിക്കാത്ത ചിലർ.......

പുഴ

വരികൾ തീരുന്നിടത്ത്‌, ഒരു പുഴയുണ്ട്‌. നീ നടന്നകന്ന വഴിയിലൂടെ ഒഴുകുന്ന പുഴ.എന്റെ കണ്ണിൽ നിന്നും ഒഴുകിയിറങ്ങി നിന്റെ കാൽച്ചുവട്ടിൽ മറയുന്ന നേർത്ത വര പോലൊരു പുഴ.

യുദ്ധം

ഭാരതയുദ്ധം തുടങ്ങുമ്പോൾ രണ്ടു ചേരിക്കാർ തമ്മിൽ ചെയ്ത കരാർ ഇതായിരുന്നു.

" യുദ്ധം നടക്കാത്ത സമയങ്ങളിൽ രണ്ടു കക്ഷികളും പരസ്പരം സൗഹൃദം പുലർത്തണം.യുദ്ധം തുടങ്ങിയാൽ, ഗജാശ്വരദങ്ങളിലിരിക്കുന്നവർ ആ നിലയിലുള്ളവരോടെ എതിർക്കാവു,കാലാൾ കാലാളോടും. അണിവിട്ടുപോയവനെയും ക്ഷീണിതനെയും ആയുധരഹിതനെയും ഉപദ്രവിക്കരുത്‌".

ചുരുക്കത്തിൽ എതിരാളിയുടെ കുറവുകൊണ്ടല്ല, സ്വന്തം മികവുകൊണ്ടാണു യുദ്ധം ജയിക്കേണ്ടത്‌......ഒരു രാജ്യത്തിന്റെ സംസ്കാരവും പൈത്രികവുമാണു അവരുടെ യുദ്ധ രീതികൾ വിളിച്ചോതുന്നത്.

    ഗാസയിലെ ദീനരോദനങ്ങൾ കേൾക്കുമ്പോൾ അവിടെ നടക്കുന്നതിനെ യുദ്ധമെന്നു വിളിക്കാനാവുന്നില്ല...വെറും കൊലപാതകം.

ഒരു കാര്യം സംശയമില്ല..യേശുക്രിസ്തു ഇനിയും ജനിച്ചു വന്നാലും ആ മണ്ണിൽ ക്രൂശിക്കപ്പെടുക    തന്നെ ചെയ്യും..

******ശംഖുപുഷ്പം ******


വേലി നീളെ നീലക്കണ്ണുകളും നട്ടു
കാത്തു നിൽക്കുന്ന ശംഖുപുഷ്പങ്ങളെ,
മയങ്ങിയാലും നീ പൂട്ടാത്ത മിഴികളിൽ
ആരു  തന്നതീ വിരഹ നൊമ്പരം?

Saturday, April 26, 2014

ഞാൻ ആരെയും കാത്തു നിൽകുകയായിരുന്നില്ല. ഇരുട്ടിൽ വെറുതെ ഒറ്റക്കു നിൽക്കുകയായിരുന്നു.
എന്റെ കവിളുകളെ തഴുകി ഒഴുകിയിരുന്ന കണ്ണുനീരിന്റെ കുളിരു എന്റെ പ്രാണന്റെ മരവിപ്പുമായി എന്നെ പ്രണയതതിലായി. എന്നിട്ടും ഒരു നനുത്ത കാറ്റ് എന്റെ കൈകളിൽ കോരിയെടുത്ത് വാരിപ്പുണർന്നപ്പപോൾ ഞാൻ ചിരിക്കാൻ കൊതിചു..
കുറെ ചിരിചചു കഴിഞ്ഞപ്പോൾ എന്റെ ചുറ്റിനും ഞാൻ ആ അഴികൾ കണ്ടു. ഈ പൂട്ട് പൊട്ടിച്ചു എനിക്ക് പുറതതു പോകാൻ കഴിയാത്തിടതൊളം അവരെന്നെ ഭ്രാന്തി എന്നു വിളിക്കട്ടെ....
കുട്ടുവൻ ഇന്നൊരു ഓർമ്മ മാത്രമാണു.. ഓർമ്മയുമല്ല..അയാൾ ഒരുപക്ഷെ മുടിവെട്ടുകാരൻ ചിന്ന്ന്റെയൊ ,കടല വറക്കുന്ന മിയാന്റെയൊ, ഓർമ്മയിൽ ഉണ്ടാവും. വഴിയരികിൽ ബീഡി പുകചും , വെള്ളം കണ്ടിട്ടില്ലാത്ത ഒരു തോർത്തു തലയിൽ ചുറ്റിയും അയാൾ നിൽക്കുന്നതു എന്റെ മനസിലുണ്ട്. ഇന്ന് എന്റെ വീട്ടിന്റെ പിന്നിലെ പറംബിൽ തേങ്ങയിടാൻ വന്ന് യന്ത്രം കാലങ്ങൾക്കിപ്പുറം കുട്ടുവനെ ഓർമ്മിപ്പിചു...കുട്ടുവനു ഓരോ തെങ്ങിന്റെയും മനസ്സറിയാമായിരുന്നു.ഓരോ കുലയും വയസ്സറിയിക്കുന്ന ദിവസം അയാൾക്കറിയാം.തെങ്ങോലകലുടെ ചാവറിയാം..മുത്തശിയുടെ ചൂലു തേയാറായൊ എന്നറിയാം..എന്റെ ഓലപ്പാംബ്ബിനു എത്ര നീളം വേണമെന്നറിയാം..ആളെണ്ണി കരിക്കിട്ട് ചെത്തിമിനുക്കി തരാനറിയാം..ഓരൊ തെങ്ങും ആ ദിവസം കാത്തിരുന്നു കാണണം.. അവരുടെ വിശേഷം തിരക്കാൻ കുട്ടുവൻ വരുന്ന ദിവസം..ഇന്നു യാതൊരു വികാരവും ഇല്ലാതെ എന്റെ തെങ്ങുകൾ യന്ത്രം കയറിയിറങ്ങി പോകുന്നതും നോക്കി നിൽക്കുന്നതു കാണുമ്പൊൾ കുട്ടുവനെ ഓർമ്മയിൽ നിന്ന് പരതി എടുത്ത് കുറിചിടാൻ തോന്നി..എന്റെ മകനു എന്നെങ്കിലും പറഞഞുകൊടുക്കെണ്ടി വരും...പണ്ടൊക്കെ ഈ തേങ്ങ എങങനെ താഴെ വന്നിരുന്നെന്നു