Saturday, September 9, 2023

വാഗ്ദാനം

 വാഗ്ദാനം

***********

രക്‌തച്ചെമ്പരത്തി-

പ്പൂവിതളിലെ 

അരികുതുന്നാത്ത കിന്നരികൾ,


ശലഭച്ചിറകിലെ

മാഞ്ഞുതുടങ്ങാത്ത 

വർണ്ണചിത്രപ്പണികൾ,


ഇരുണ്ട കാവിലെ

കരിനാഗത്തിന്റെ

കണ്ണിലെ മരതകക്കല്ല്,


മേടവെയിൽ പൊള്ളിച്ച

നീർത്തുള്ളിയിൽ 

ആകാശം കാണാത്ത മഴവില്ല്,


നടന്നുതെളിഞ്ഞ

കാട്ടുവഴിയിലെ

കാൽപെടാത്ത മണ്ണ്,


കാടിന്റെ ഗർഭത്തിലെ

അപരിചിത 

മരഭ്രൂണങ്ങളുടെ ഇലത്താളം,


ഊറ്റുവെള്ളം

ഒളിച്ചു കടത്തുന്ന

ഭൂമിയുടെ മാറിലെ ചൂട്,


ആകാശം കരയുമ്പോൾ

ആദ്യം കൊഴിയുന്ന

വിഷാദം പേറുന്ന മഴത്തുള്ളി,


ഇവയൊക്കെ തരാമെന്ന് മോഹിപ്പിച്ച്   

കൂട്ടികൊണ്ടുവന്നതാണെന്നെയും,

മാറ്റാരുമല്ല!ഈ കവിത തന്നെ!


അനുജാഗണേഷ്


കലാപൂർണ്ണ മാസിക

സെപ്റ്റംബർ 2023

Saturday, April 22, 2023

മൗനമൊഴി🦜


"നമുക്കൊരേ ഭാഷയാണ് "

തീവണ്ടിയിൽ എതിർസീറ്റിൽ

ഇരുന്നയാൾ എന്നോട് പറഞ്ഞു ..

ഞാൻ :"അതെങ്ങനെ?

ഞാൻ താങ്കളോട് സംസാരിച്ചതേയില്ലല്ലോ?"

അയാൾ : "ഇല്ലേ? നിങ്ങൾ കണ്ണുകൾ കൊണ്ട് എന്നോട് സംസാരിക്കുകയായിരുന്നില്ലേ .."

ഞ :"താങ്കളെ ഞാൻ നോക്കിയതുപോലുമില്ല "

അ: " അപ്പോൾ ഹൃദയം കൊണ്ടായിരിക്കും. "

ഞ : " ഹൃദയമിപ്പോൾ എന്റെ ഉടമസ്ഥതയിലില്ല.

അതിന് സംസാരശേഷി എന്നോ നഷ്ടമായതാണ് "

അ: " അപ്പോൾ നിങ്ങളുടെ ഭാഷ? "

ഞ : " മൗനം! എന്റെ മൗനം താങ്കൾ ഭേദിച്ചിരിക്കുന്നു. "

അ :" ഇല്ല... അതിന് ഞാൻ നിങ്ങളോട് സംസാരിച്ചതേയില്ലല്ലോ. "

ഞ :" ഇല്ലേ? കണ്ണുകൾക്കൊണ്ട് നിങ്ങളെന്റെ മൗനം ഭേദിച്ചു. "

അ : " ഇല്ല..ഞാൻ നിങ്ങളെ നോക്കിയതുപോലുമില്ല"

ഞ :" അപ്പോൾ ഞാൻ കേട്ടത് ഹൃദയത്തിന്റെ ഭാഷയാണോ? "

അ : "അല്ല.. ഭേദിക്കപ്പെട്ടു എന്ന് നിങ്ങൾ പറയുന്ന മൗനമാണ് 

എന്റെയും ഭാഷ!! "

ഞ: " ആണോ?

ശരിയാണ്.. നമുക്കൊരേ ഭാഷയാണ്!!"

Friday, February 24, 2023

ദിനാന്തം


■■■■■■■■■■■■■■■■■■■

പതിയെ പിച്ചവെച്ച് 

കൊച്ചുസൂചി 

അഞ്ചിലെത്തിയപ്പോൾ 

പന്ത്രണ്ടിലിരുന്നമ്മ ധൃതികൂട്ടി

'ഒന്നനങ്ങി വരുന്നുണ്ടോ  കുഞ്ഞേ നീയ്'


മേശപ്പുറത്ത്  ചിതറിക്കിടന്ന 

 കടലാസുകളോരോന്നായ്‌, 

'ബാക്കി നാളെയാകട്ടെ' 

എന്നടക്കം ചൊല്ലി 

വലിപ്പിന്റെ അടിത്തട്ടിലേക്ക് 

മെല്ലെ മറഞ്ഞു..


അപ്പുറവും ഇപ്പുറവും നോക്കാതെ 

ബാഗും കുടയുമെടുത്ത്  

വാതിലിലേക്ക് നീങ്ങവേ 

 കാതുരണ്ടും കൊട്ടിയടച്ച് ഒരു 

യാത്രാമൊഴി വലിച്ചെറിഞ്ഞു. 

' ഞാനിറങ്ങുന്നേ '..


നീളൻചുവടുകൾ വച്ച്

ബസ് സ്റ്റോപ്പിലെത്തി 

ആദ്യം വന്ന വണ്ടിയിൽ  കയറി 

,കമ്പിയിൽ തൂങ്ങി ഞെങ്ങിഞെരുങ്ങി

ദുർഗന്ധങ്ങൾക്കിടയിൽ ശ്വാസംമുട്ടി, 

പാതിവഴി പിന്നിട്ടപ്പോഴേക്കും  

വലത്തേ മുലക്കണ്ണ്  മെല്ലെചുരത്തിത്തുടങ്ങി.  


ഇരുട്ട് വീടുകേറും മുൻപേ

 ഓടിക്കിതച്ച് വീടെത്തിയപ്പോൾ 

അമ്മൂമ്മയുടെ ഒക്കത്തിരുന്ന് 

ചിണുങ്ങി പരിഭവം പറഞ്ഞ 

കുഞ്ഞുവായ പാൽക്കൊതിയോടെ 

 വന്നവകാശം സ്ഥാപിച്ചു  , 


നഴ്സറിക്കാരനെ  പഠിപ്പിക്കലും

 ഗൃഹപാഠയുദ്ധവും മൽപിടിത്തവും കഴിഞ്ഞ്

അത്താഴത്തിനൊരുക്കുമ്പോൾ 

വാതിൽക്കൽ നിന്നൊരു 

നീണ്ട വിളി വരും 

'അമ്മേ..... അച്ഛൻ വന്നൂ '


തളർച്ചയോ, വിളർച്ചയോ ഇല്ലാത്ത 

പുഞ്ചിരിയോടെ വാതിൽക്കൽ

 പൂന്തിങ്കളായ് ഞാനങ്ങനെ... 


ഓരോന്നായ് അന്നത്തെ 

വിശേഷങ്ങൾ കൊട്ടിയിടുമ്പോൾ 

ചാനൽചർച്ചകളാണ് അകമ്പടി, 


രാത്രിവണ്ടി മെല്ലെ 

അവസാനസ്റ്റേഷനിൽ എത്താറാകുന്നു, 


 ഇല്ലാക്കഥകളൊക്കെ പറഞ്ഞുകൊടുത്ത്,

 മക്കളെ ഉറക്കിക്കിടത്തി, 

അവരറിയാതെ ഊർന്നെണീറ്റ് 

 ഒരു ദിവസത്തിന്റെ ക്ഷീണങ്ങളത്രയും 

അവന്റെ നെഞ്ചിലേക്കിറക്കിവച്ച് 

ഉറങ്ങാൻ കിടക്കുമ്പോൾ 

പുറത്ത് പിച്ചിപ്പൂ മണംപരക്കുന്നു..


അവന്റെ വിരലുകൾ എന്റെ മുടിയിഴകളിൽ 

ഇനിയും വിടരാത്ത 

പിച്ചിമൊട്ടുകൾ തിരയുന്നു .

■■■■■■■■■■■■■■■■■■■

Monday, September 26, 2022

വൈകുന്നേരമാണ്

 നമുക്കായി മാത്രം പതിച്ചുകിട്ടിയ 

ആകാശതുണ്ടിന്റെ 
ചുവട്ടിൽ 
വഴിമറയുന്ന ഇരുട്ടിനെ 
നോക്കി നാമിരിയ്ക്കും ..  
നിന്റെ കണ്ണിലെ 
വിഷാദത്തെ
ഇരുട്ടിന് കൂട്ടായി 
നീ പറഞ്ഞയയ്ക്കും. 

നോക്കിയിരിക്കെ 
നമ്മുടെ ആകാശം 
വിശാലമായേക്കാം 
ഒരു ചെറുതടാകവും 
നിറയെ കിളികൾ കൂടേറിയ 
ചെറുമരവും, 
എന്നോ നീ മൂളിയ 
പാട്ടിന്റെ ഈണവും 
അരണ്ട നിലാവെളിച്ചവും 
നമ്മുടെ ആകാശത്തിൻ 
കീഴിൽ ചേക്കേറിയേക്കാം. 
എന്റെ കൈകൾ 
നിന്റെ കൈക്കുള്ളിൽ 
നീ ചേർക്കുമ്പോൾ 
നിന്റെ ഹൃദയത്തെ  
ഞാനെന്റെ ഹൃദയത്തിനുള്ളിലും.. 


തിരയെറിഞ്ഞുമടുത്ത് 
കടൽ പിൻവാങ്ങുന്ന 
നേരത്തോളം 
നിഴലെണ്ണി മടുത്ത് 
വെളിച്ചം പിൻവാങ്ങുന്ന 
കാലത്തോളം 
നിന്റെ കൈക്കുള്ളിൽ ഞാനും 
എന്റെ ഹൃദയത്തിനുള്ളിൽ നീയും.. 
നിമിഷങ്ങൾ, ആഴ്ചകൾ 
മാസങ്ങൾ, വർഷങ്ങൾ.. 
നമുക്കായി പതിച്ചുകിട്ടിയ 
ഒരുതുണ്ടാകാശം 
നമ്മിലേക്ക്‌ മാത്രം 
ചുരുങ്ങുന്നു പിന്നെയും.

Voyage


Trailed the fallen leaves to here,
And I found this deep dark valley,
Spring has left it's footprints
And the bird of life is still singing,

The lagoon, down the valley
Reflected a face,
Ohh!! I know her!
Years!! And My holy sins!

A little child inside,
Who's awaiting rebirth,
Is crafting paper boats
With pages of memory.

I painted a shattered rainbow
With colours of my dreams,
And it came out in dual tone
Darkest black and deepest white,

I'm sailing to the end of time
Where dreams are settling,
And memories are setting out
For the voyage of no return....
 

A speck of sand


I could feel the sand
Between my toes,
The waves touched my feet
And went back to the depth,
I tasted the wind
As salty as ever...

All at once,
A speck of sand in my eye
My eyes turned sore and weepy,
Three drops of borrowed breast milk
Could wash away the grain of sand...

The same moment,
In the depth of the sea,
A speck of sand inside a shell..
The shell didn't weep
But nurtured the same,
And there it turns into a precious pearl,

Even a speck of sand 

Could someday catch many eyes...

anujaganesh

Image



Image

The nature's choir is about to meld
 Into the silence of night,

The melody of a faceless female bird
Dwindled away into the dark,
Without disturbing the contemplating pine trees,

Oblivious to the passage of time,
An old man is painting 
In the faint twilight 

The image of the subtlety of nature..
A message of peace!

A gust of wind blew away his canvas,
Across the border fences
To where it belongs in real,

And the artist's breath and blood
Was shed into his own land,
Where the message of peace left undone.

anujaganesh



 

For you.. My son❤️


Listen well my Son,
It's okay to fall,
Even the largest of the trees
Will uproot and fall someday,

Listen well my Son,
It's alright to cry,
There's no other way in earth
To let go the monster inside,

Listen well my Son,
It's great to forgive,
It needs more courage
to forgive than to conquer,

Listen well my Son,
It's worth to be in love,
To learn to endure the pain
And yearn to enjoy it's gain,

Listen well my Dear,
It's okay to be imperfect,
Not only the perfect things
Could make you happy in life....

anujaganesh
 

ചിത്രം

 


പൈൻ മരങ്ങളെ ധ്യാനത്തിൽ 
നിന്നുണർത്താതെ 
രാത്രിമൗനത്തിലേക്ക് 
ചേക്കേറാനൊരുങ്ങുന്നു ശബ്ദങ്ങൾ ,  
ഒരു പേരറിയാ പെൺപക്ഷിയുടെ 
പാട്ട് തളരുമ്പോൾ 
മണ്ണിലേക്ക് ചായുന്ന ചില്ലകൾ,  
ഒരു ചെറുതിരി തെളിച്ചുവച്ച്   
ഒരാൾ  ചിത്രം വരയ്ക്കുകയാണ്. 
ഇരുട്ടിന്റെ വരവറിയാതെ 
വരച്ചുകൊണ്ടേയിരിക്കുകയാണ് 
പ്രകൃതിയുടെ സൂക്ഷ്മഭാവം 
സമാധാനത്തിന്റെ സന്ദേശം

ചിത്രം കാറ്റിൽ പറന്നുപൊങ്ങുന്നു 
അയാൾക്കും ചിത്രത്തിനുമിടയിലെ 
അതിർത്തിവേലികൾ കടന്ന്
അത് സ്വന്തമിടത്തേക്ക്
 പറന്നുപോകുന്നു. 
ചിത്രകാരന്റെ രക്തവും ശ്വാസവും  
അവന്റെ സ്വന്തം മണ്ണിലേക്കും..

Saturday, December 15, 2018

ചില മുഖങ്ങൾ
--------------------------
നീളൻ  വഴികൾക്കിരുവശം
മരങ്ങളും മുഖങ്ങളും ധൃതിയിൽ
പിന്നോട്ട് ഓടിമറയുമ്പോഴും ,
കണ്ണും മനസ്സും ഇടയ്ക്കൊക്കെ
ചില മുഖങ്ങളിൽ
ഒന്നുടക്കിനിൽക്കാറുണ്ട്,

ഒരു വെയിലിനും
പൊള്ളിച്ചുവപ്പിക്കാനാകാത്ത ,
ഒരു മഴയ്ക്കും
ജ്വരം തീണ്ടി കുളിർപ്പിക്കാനാകാത്ത,
ഇരുണ്ട തൊലിപ്പുറത്ത്
ഒരായുസ്സിന്റെ കഥകൾ
അക്ഷരത്തെറ്റുകളില്ലാതെ
കോറിയിട്ട ചില മുഖങ്ങളിൽ,

വൈകുന്നേരങ്ങളിൽ
അവയിൽ ചിലത് മിന്നായം പോലെ
ഓർമ്മയിൽ നിന്നെത്തിനോക്കും,  
പൈപ്പ്‌ലൈൻ കുഴികളിൽ കഴുത്തറ്റം
വെള്ളത്തിൽ മുങ്ങികിടക്കുന്ന
കരിവാളിച്ചോരു ദയനീയ മുഖമായോ,
സെക്യൂരിറ്റി യൂണിഫോമിൽ നിന്നുയർന്ന     ചുമച്ചുതളർന്ന നീളൻ വിസിലടികളായോ,

രാത്രിഭക്ഷണത്തിന്റെ എച്ചിൽപാത്രം
പെറുക്കിയെടുക്കവേ തീന്മേശയിൽ
കളഞ്ഞുകിട്ടിയ വയസ്സൻ ചിരിയായോ,
ചെരുപ്പിടാത്ത കാലുകളിൽ  ജീവിതത്തിന്റെ
ഭൂപടം ഒളിഞ്ഞിരിക്കുന്നത് കാട്ടിത്തന്ന
കിഴവൻ ഓട്ടോക്കാരനായോ,

വീട്ടുകാരിയുടെ വിയർപ്പുപ്പിലുണ്ടാക്കിയ
മുറുക്ക് ചാക്കിലാക്കി, മാസാദ്യം വീട്ടിൽ
വരുന്ന എഴുപതുകാരൻ അണ്ണാച്ചിയുടെ
തടിച്ച വേരിക്കോസിന്റെ കരിനീല നിറമായോ,
ഓർമ്മയിൽ തെളിഞ്ഞു നിൽക്കുന്നെങ്കിലും  
വാക്കുകൾക്കപ്രാപ്യമായ
എണ്ണമില്ലാത്ത മുഖങ്ങൾ ഇനിയും ബാക്കി,

എത്തിനോട്ടങ്ങൾക്കൊടുവിൽ
കണ്ണടക്കുമ്പോൾ,
ഒരു തുള്ളി കണ്ണുനീർ അറിയാതെ
കവിളിലേക്ക് വഴിവെട്ടിത്തുടങ്ങും,
അച്ഛന്റെ നെറ്റിയിലൊരുമ്മ വക്കാൻ തോന്നും,
ആ നെറ്റിച്ചുളിവുകൾക്കിടയിൽ  
വടിവൊത്ത അക്ഷരത്തിൽ
എന്റെ പേരെഴുതിവെക്കാൻ തോന്നും,
ഇരട്ടവരയൻ നോട്ടുബുക്കിലെഴുതും പോലെ...

(അനുജ ഗണേഷ് )

Tuesday, December 4, 2018

ഖസാക്കിലേക്ക് 
----------------------------
കാട്ടുതുമ്പികളുടെ
കണ്ണാടിച്ചിറകുകൾക്കിടയിലൂടെ
ചെതലിമലയിൽ 
അസ്തമയസൂര്യൻ 
കൂമങ്കാവിലേക്ക് 
കണ്ണെറിയുമ്പോൾ, 
വരുംവരായ്കകളുടെ 
ഓർമ്മകളിലെവിടെയോ 
കണ്ടുമറന്ന ജരാനരകൾ 
പേറിനിന്ന മാഞ്ചില്ലകൾ 
ഈ വഴിയമ്പലത്തിൽ 
എനിക്ക് തണൽ വിരിക്കുന്നു, 
എന്നെ തിരികെവിളിച്ച 
കാന്തക്കല്ലുകൾ രഹസ്യമായി 
എന്തോപറഞ്ഞേൽപ്പിച്ചിരുന്നപോലെ, 

ഖസാക്കിലെ സുന്ദരിയുടെ 
സുറുമയെഴുതിയ
കലങ്ങിയ കണ്ണുകൾ 
എന്നെ ഉറ്റുനോക്കുംപോലെ, 
വിത്തെറിഞ്ഞു പോയി 
കാലങ്ങൾക്കിപ്പുറം 
കാടുകാണാൻ വന്നവനെ പോലെ, 
ചെതലിയുടെ താഴ്‌വരയിൽ 
പൂവിറുക്കാനെത്തിയ 
അനുജത്തിയുടെ 
കൊലുസിന്റെ കിലുക്കം 
കേൾക്കുമ്പോലെ, 
 'അപ്പുക്കിളി'യെന്ന് 
നീട്ടിവിളിച്ചപ്പോൾ അടുത്ത്  
ഒരു മുക്കാൽമനുഷ്യൻ 
വന്നുനിന്നപോലെ, 

പള്ളിയുടെ കോത്തളത്തോളം 
വളർന്ന എട്ടുകാലികളെ 
തിരഞ്ഞെങ്കിലും കണ്ടില്ല, 
ഒരു മഴക്കോളിനൊപ്പം 
കാതുകളിൽ ഏറിയും
കുറഞ്ഞും നിർത്താതെ 
പെയ്തിറങ്ങിയ പരിഭവങ്ങൾ,
എത്രയെത്ര ആത്‌മാക്കൾ
 അടക്കിപ്പിടിച്ചിരുന്ന 
ചോദ്യഭാണ്ഡങ്ങളുടെ 
കെട്ടുകളഴിച്ചു, 
ഒടുവിൽ മന്ദാരത്തിന്റെ 
ഇലകൾ ചേർത്തു തുന്നിയ 
പുനർജ്ജനിയുടെ കൂടുവിട്ട് 
ഞാനും പടിയിറങ്ങി..... 

Saturday, December 1, 2018


ദിനാന്ത്യം
-----------------
പതിയെ പിച്ചവെച്ച്, കൊച്ചു സൂചി
അഞ്ചിലെത്തിനിൽക്കുമ്പോൾ
പന്ത്രണ്ടിലിരുന്നമ്മസൂചി ധൃതികൂട്ടും
'ഒന്നനങ്ങി വരുന്നുണ്ടോ  കുഞ്ഞേ നീയ് '

മേശപ്പുറത്ത്  ചിതറിക്കിടന്ന
 കടലാസുകളോരോന്നായ്
ആരുടേയും കണ്ണിൽ പെടാതെ
'ബാക്കി നാളെയാകട്ടെ' എന്നടക്കം ചൊല്ലി
വരിപ്പിന്റെ അടിത്തട്ടിലേക്ക്
മുങ്ങാംകുഴിയിട്ടസ്തമിക്കും,

അപ്പുറവും ഇപ്പുറവും നോക്കാതെ
ധൃതിയിൽ ബാഗും കുടയുമെടുത്ത്
കാതുകൾ രണ്ടും കൊട്ടിയടച്ച്
വാതിലിലേക്ക് പായുമ്പോൾ
'ഞാനിറങ്ങുന്നേ 'എന്നൊറ്റവാക്കിൽ
ആർക്കുവേണ്ടിയോ ഒരു
യാത്രാമൊഴി വലിച്ചെറിയും ,

ആവോളം നീളത്തിൽ ചുവടുവച്ച്
സ്റ്റോപ്പിൽ ആദ്യം വന്ന ബസിൽ ചാടിക്കയറി
കമ്പിയിൽ തൂങ്ങി, ഞെങ്ങിഞെരുങ്ങി,
ദുർഗന്ധങ്ങൾക്കിടയിൽ ശ്വാസംമുട്ടി,
പാതി വഴി  പിന്നിടുമ്പോഴേക്കും
വലത്തേ മുലക്കണ്ണ്  മെല്ലെചുരത്തിത്തുടങ്ങും,

ഇരുട്ട് വീടുകേറും മുൻപേ
വിളക്ക് വെക്കാൻ ഓടിക്കിതച്ചെത്തുമ്പോൾ
അമ്മൂമ്മയുടെ ഒക്കത്തിരുന്ന്
ചിണുങ്ങി പരിഭവം പറയുന്ന
ഒരു കുഞ്ഞുവായ പാൽക്കൊതിയോടെ
ഓടിവന്ന്  അവകാശം സ്ഥാപിക്കും ,

നഴ്സറിക്കാരനെ  പഠിപ്പിക്കലും
ഗൃഹപാഠയുദ്ധവും മൽപിടിത്തവും കഴിഞ്ഞ്
അത്താഴത്തിനൊരുക്കുമ്പോൾ
വാതിൽക്കലൂന്നൊരു നീണ്ടവിളി വരും ,
'അമ്മേ..... അച്ഛൻ വന്നൂ '

തളർച്ചയോ, വിളർച്ചയോ ഇല്ലാത്ത
പുഞ്ചിരിയോടെ വാതിൽക്കൽ
 ഒരു പൂന്തിങ്കളായ് ഞാനങ്ങനെ...

അന്നത്തെ വിശേഷങ്ങൾ കൊട്ടിയിടുന്നതിന്
ചാനൽ ചർച്ചകൾ പശ്ചാത്തല സംഗീതമാകും,

രാത്രിവണ്ടി മെല്ലെ അവസാനത്തെ
സ്റ്റേഷനിൽ എത്താറായി,

മക്കൾക്ക് ഇല്ലാകഥകളൊക്കെ പറഞ്ഞുകൊടുത്ത്, ഉറക്കിക്കിടത്തി, അവരറിയാതെ ഊർന്നെണീറ്റ്
 ആ ദിവസത്തിന്റെ ക്ഷീണങ്ങളത്രയും
അവന്റെ  നേഞ്ചിലേക്കിറക്കിവച്ച്
ഉറങ്ങാൻ കിടക്കുമ്പോൾ
പുറത്ത് പിച്ചിപ്പൂ മണംപരക്കും ,
മുടിയിഴകളിലൂടെ മെല്ലെ,
അവന്റെ വിരലുകൾ ഒഴുകിത്തുടങ്ങും,
ഇനിയും വിടരാത്ത പിച്ചി മൊട്ടുകൾ തിരഞ്ഞ്,

അനുജ ഗണേഷ്

Friday, November 23, 2018

ഗുരുവന്ദനം

കനിവിൻ നിലാവെളിച്ചം പകർന്നെന്നിലെ 
കരിവിളക്കിൻ നാളമെരിയിച്ചതും, 
ഉണർവ്വിൽ കിനാവിന്റെ നറുമുത്തുപാകി 
നനച്ചു തളിരിതൾ വിരിയിച്ചതും, 

അറിവിന്റെ നാമ്പുകളെത്തിനോക്കും നേരം
അലിവോടെ കിരണമായ് തഴുകിയതും,
അകലെയുണ്ടോരുവസന്തം അവിടെയെത്തുവാൻ 
വഴിയിതാണെന്ന് പഠിപ്പിച്ചതും, 

തിരിയാത്ത മൊഴികളെ തല്ലിപ്പഴുപ്പിച് 
മധുരമാമ്പഴമാക്കി മാറ്റിയതും, 
ഉണരാത്ത നിനവിനെ തഴുകിയുണർത്തി
ചിറകുകൾ നീർത്താൻ ഇടം തന്നതും, 

കൺകളിൽ വിരിയുന്ന വാത്സല്യമൊട്ടുകൾ 
വാടാതെന്നുള്ളിൽ നിറച്ചതിനും,  
ഓർമ്മയിലെന്നും നിറയുന്ന ദീപ്തിയായ് 
നിത്യം വിളങ്ങുക വാഗ്‌ദേവതേ 
നിത്യം വിളങ്ങുകെൻ  അധ്യാപികേ....

Tuesday, November 20, 2018

അവൾ


കഥകളുറങ്ങുന്ന 
കണ്ണീർത്തടാകങ്ങളും , 
കവിതയുറങ്ങുന്ന
 പച്ചപുതച്ച കുന്നുകളും  , 
കാടുകളിൽ ഒളിച്ച
 കനിവുറവകളും , 
കല്ലിടുക്കുകളിൽ 
അഗാധഗർത്തങ്ങളും ,
ഋതുപരിവർത്തനങ്ങളുടെ 
പോക്കുവരവുകൾ  തെളിച്ച 
ചുറ്റിപ്പിണഞ്ഞ ചെറുവഴികളും ,
അറിയപ്പെടാത്തൊരന്യദേശമാണ് 
നിനക്കെന്നും 'അവൾ '.......





നീലക്കുറിഞ്ഞി



ഹിമകണം മുകരും ഹരിതാഭമേലെ  
നറുമുകിലിൻ നിഴൽ വീണ പോലെ 
ഒരു വ്യാഴവട്ടത്തിനിപ്പുറം വിരുന്നായി 
വന്നു നീ നീലക്കുറിഞ്ഞിപ്പൂവേ, 

പശ്ചിമമലനിര തൊട്ടുണർത്തും  
ഊതസുസ്മിതമാണ് നീ മൃദുമലരേ, 
നീലഗിരിയിലും, മുക്കൂർത്തി കുന്നിലും
മിഴിയിലും, മനസ്സിലും നിറയുന്നു നീ 

ഒറ്റക്ക്  വന്നു നീ കണ്മുന്നിൽ നിൽക്കവേ  
തനിനാടൻ പെൺകൊടിയെന്ന് തോന്നി 
ഒന്നായ് വിരിഞ്ഞുവിരാജിച്ചു നിൽക്കവേ 
ആകാശം മണ്ണിൽ നിറഞ്ഞ പോലെ 
നീലാകാശം മണ്ണിൽ നിറഞ്ഞപോലെ .... 

ഒരു കുറിഞ്ഞികാലം പിറന്നുവീണു 
മറ്റൊരു കുറിഞ്ഞിക്കാലം  വയസ്സറിഞ്ഞു, 
അമ്മയായ് പിന്നെ നീ പൂത്ത കാലം 
വിട ചൊല്ലുവാൻ വരുമൊരു കുറിഞ്ഞിക്കാലം...... 







Wednesday, September 19, 2018


സ്വപ്നം
--------------
ഒരുവാക്കിലൊരുവരിയിലെഴുതാവതല്ലെന്റെ
കരളിനുള്ളിൽ പെയ്ത മധുരസ്വപ്നം,
പ്രണയാഭിലാഷങ്ങൾ കോർത്തുവയ്ക്കാം,
നിനക്കണിയുവാനായ് ഞാൻ കരുതിവയ്ക്കാം,

തണലുറങ്ങും നാട്ടുമാഞ്ചുവട്ടിൽ എന്റെ
പഴയവീടിൻ ജനൽപ്പടികടന്ന്,
മഴമണക്കുന്നൊരു കാറ്റു വന്നിട്ടെന്റെ
ഹൃദയപേടകമെന്തിനോ തുറന്നു,

ഉണർവിൻ വെളിച്ചം തിരഞ്ഞതിൽ നിന്നും
ചിറകുമുളച്ചു പറക്കുന്നിതാ,
ഓർമ്മകൾ പറ്റമീയാംപാറ്റകൾ കണക്കോ -
ടിയടുക്കുന്നു നിന്നരികിൽ,

ഇടവഴിയിലിരുൾവഴിയിളന്നുനമ്മൾ തമ്മി-
ലിടയാതകന്നങ്ങു പോയനാളിൽ
കൈവിട്ടൊരാ കൊച്ചു കൈലേസിൽ
ഞാനെന്റെ ഹൃദയാക്ഷരങ്ങൾ കുറിച്ചിരുന്നു,

പുഴയിലെതെളിനീരിലെൻ മുഖം കാണുവാൻ
കടവിലെൻ  പിന്നിൽ നീ നിന്ന കാര്യം,
അറിഞ്ഞിട്ടുമറിയാത്ത ഭാവത്തിലെന്തിനോ
പിന്തിരിഞ്ഞന്നു ഞാൻ നോക്കിയില്ല,

നടവരമ്പോരം  നടന്നു നീങ്ങുമ്പോഴാ -
പടവലപ്പന്തലിന്നിടയിലൂടെ,
കണ്ണൊന്നുനീട്ടിയെൻ കവിളിലെ കരിനിഴൽ
പുള്ളിയിൽ നീ തൊട്ടതോർമ്മയുണ്ടോ ?

നെഞ്ചിൻമിടിപ്പുനീ കേൾക്കാതിരിക്കുവാൻ
അരികിലേക്കണയാതെ നിന്ന രാവിൽ
നിറുകയിൽ ചുംബിക്കുവാനായ് മാത്രമെൻ
കനവിൽ നീ വന്നതും ഓർമ്മയുണ്ടോ?

വടിവൊത്ത കൈപ്പടയിലെഴുതിയ കവിതകൾ
മാറിൽ വിയർപ്പിൽ കലർന്നൊഴുകി,
പരക്കും മഷിക്കറ തീർത്തൊരാകാശത്തിൽ
നീ തന്ന മുത്തുകളൊളിപ്പിച്ചു ഞാൻ,

ഓരോ ചിരിയിലും നീ തീർത്ത കാന്തിക -
വലയത്തിൽഞാൻ മണൽത്തരിയായതും
നിനക്കായിമാത്രം ചിരിച്ചതും
ഇവളെന്തെതാണെന്ന വാക്കിന്ന് കാതോർത്തതും

പാമരം പൊട്ടിയ പായ്കപ്പലിൽ
രാവുനീളെ കിനാക്കായലാഴങ്ങളിൽ
ദിക്കറിയാതെ കുഞ്ഞോളങ്ങൾ  പോൽ നമ്മൾ
കൊക്കുരുമ്മി തമ്മിൽ കരളുരുമ്മി,

ഇനിയുമൊരു പൂക്കാലമുണ്ട്, പൂക്കാൻ
നമുക്കൊന്നിച്ച് വള്ളിപ്പടർപ്പായീടാൻ,
കടം പറഞ്ഞെങ്ങോ മറഞ്ഞു മുല്ലക്കൊടി
മഴവീഴുവാൻ നേരമായി, പിരിയാം,

ഒരുവാക്കിലൊരുവരിയിലെഴുതാവതല്ലെന്റെ
കരളിനുള്ളിൽ പൂത്ത നൂറുസ്വപ്നം,
കരുതിഞാൻ വയ്ക്കാം നിനക്കുതരാനെന്റെ
ഹൃദയാഭിലാഷങ്ങൾ കോർത്ത സൂക്തം,

അനുജ ഗണേഷ്


Wednesday, September 12, 2018

എരിയുന്ന പ്രിയസഖി
---------------=====-----------
നാരുകൾ പോലെ നേർത്ത പൊടിമീശ
എത്തിനോക്കി തുടങ്ങിയ കാലത്ത്,
നിന്നെയാദ്യമായി    തൊട്ടപ്പോളെൻവിരൽ
കാറ്റിലാലില പോലെ വിറയാർന്നു,

ചുണ്ടുകൾക്കിടയിൽ നീയമർന്നപ്പോൾ
ഉള്ളിൽ നീ തീർത്തുനവ്യമൊരാവേശം,
നേർത്ത തൂവെള്ളിമേഘങ്ങൾ പാറുന്ന
അതിരെഴാപ്പുതുലഹരിതന്നാകാശം,

ചൊടികളിൽ വിടർന്നുന്മാദവേഗത്തിൽ
സിരകളിൽ പടർന്നെൻ ശ്വാസനാളികൾ
ഇരുളടഞ്ഞുകിടക്കുന്ന കാഴ്ചയും
കണ്ടു തിരികെ നീ പോയി മറഞ്ഞീടിലും

ഇടവിടാതെന്റെ ചിന്താസരണികളിൽ  
അലയിടുന്നു  നിൻ  വശ്യമന്ദസ്മിതം,
പ്രണയസാഫല്യം ആണെനിക്കെന്നും നിൻ
പുകപകരുന്ന ഹർഷവിസ്ഫോടനം

പുലരിയിലെൻ കരതലം ആദ്യമായ്
തേടിടുന്നതും നിന്നെയല്ലോ സഖീ,  
അന്തിയാവോളം എത്രയെനിക്കായ്‌
വെന്തെരിഞ്ഞുരുകുന്നുണ്ട് നീ നിത്യം

ലഹരിതൻ മൊട്ടുറങ്ങുന്ന വള്ളി നീ
എന്നിൽ ഊർജ്ജതരംഗങ്ങൾ തീർപ്പവൾ
അരുതരുതെന്ന് മതിചൊല്ലുമെങ്കിലും
ഹൃദയമുണ്ടോ മറക്കാൻ തുനിയുന്നു,

തമ്മിലകലാൻ നിനയ്ക്കുമ്പോളൊക്കെയും
എന്നിലേക്കടുക്കുന്നു നീ പിന്നെയും,
നീണ്ടുപോകയാണീ പ്രണയം,നമ്മൾ
തമ്മിലോർക്കാതൊരുദിനം താണ്ടുമോ ?

അനുജ ഗണേഷ്